ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി ബഹ്‌റൈൻ
Update: 2022-11-02 08:52 GMT
പ്രഥമ ബഹ്‌റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങി. നാളെ വൈകിട്ട് ബഹ്‌റൈനിലെത്തുന്ന മാർപാപ്പ നവംബർ ആറുവരെ പര്യടനം തുടരും. 'കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്' എന്നപേരിൽ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ഡയലോഗ് ഫോറമാണ് സന്ദർശനത്തിലെ മുഖ്യ പരിപാടി.
നവംബർ നാലിന് സംഘടിപ്പിക്കുന്ന മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സംയുക്ത അധ്യക്ഷത വഹിക്കും. 2013 മാർച്ച് 13ന് മാർപാപ്പയായി ചുമതലയേറ്റ ശേഷം അദ്ദേഹം സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈൻ.
മതങ്ങൾ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശനം.