അനധികൃത താമസക്കാരെ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന ശക്തമാക്കുന്നു

Update: 2022-09-19 09:56 GMT
Advertising

ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ വ്യാപകമാക്കി. കാപിറ്റൽ ഗവർണറേറ്റ് പൊലീസുമായി സഹകരിച്ചായിരുന്നു പരിശോധന.

മതിയായ രേഖകളില്ലാത്ത ഏതാനും പേരെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റു ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് റിസർച്ച് ആൻഡ് ഫോളോഅപ്പ് ഡയരക്ടർ കേണൽ തലാൽ നബീൽ തഖി പറഞ്ഞു.

അനധികൃതമായി തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 170770777 എന്ന കാൾ സെൻറർ നമ്പരിലോ info@npra.gov.bh എന്ന ഇ-മെയിലിലോ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നതും തൊഴിലെടുക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് എൻ.പി.ആർ.എ പരിശോധന നടത്തുന്നത്.

അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ)യും അടുത്തിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച നിരവധി പേരെ പിടികൂടുകയും ചെയ്തു. മതിയായ രേഖകളോടെയാണ് രാജ്യത്ത് താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സാമൂഹിക പ്രവർത്തകരും പ്രവാസികളെ ഓർമിപ്പിക്കാറുണ്ട്. അനധികൃതമായി താമസിക്കുന്നവരെ പിടികൂടിയാൽ കനത്ത പിഴയും നൽകേണ്ടി വരും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News