ബഹ്റൈനിൽ ടാങ്കിലുണ്ടായ വാതക ചോർച്ച പരിഹരിച്ചതായി ബാപ്കോ
രാജ്യത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി അധികൃതർ
ബഹ്‌റൈൻ: ബഹ്‌റൈനിലെ സിത്രയിലുള്ള നാഫ്ത ടാങ്കിലുണ്ടായ വാതക ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിച്ചതായി ബാപ്‌കോ അധികൃതർ (BAPCO). പ്രവർത്തനം സാധാരണ ഗതിയിലേക്ക് മാറിയതായും ആവശ്യമായ എല്ലാ സുരക്ഷ നടപടികളും വിജയകരമായി പൂർത്തീകരിച്ചതായും അധികൃതർ അറിയിച്ചു.
സിത്രയിലെ ചോർച്ചയുണ്ടായ ടാങ്കിൽ നിന്ന് നാഫ്ത പൂർണമായും മാറ്റാൻ സാധിച്ചതോടെയാണു വാതക ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിസന്ധി പൂർണമായും പരിഹരിച്ചത്. തീപിടിക്കുന്ന ദ്രാവക ഹൈഡ്രോകാർബൺ മിശ്രിതമാണ് നാഫ്ത. സിവിൽ ഡിഫൻസും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സുരക്ഷ നടപടികളും സ്വീകരിച്ചിരുന്നു. രാജ്യത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും അധികൃതർ ഉറപ്പുനൽകി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാതകച്ചോർച്ച പരിഹരിക്കുന്നതിന് സത്വര നടപടികളാണു അധികൃതർ സ്വീകരിച്ചത്. സിത്രയിലെ ബാപ്‌കോക്ക് കീഴിലുള്ള ഒരു ടാങ്കിലാണ് വാതക ചോർച്ചയുണ്ടായത്. വാതകച്ചോർച്ചയെത്തുടർന്ന് അന്തരീക്ഷത്തിൽ രൂക്ഷഗന്ധം ഉണ്ടായ പശ്ചാത്തലത്തിൽ സിത്ര പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഓൺലൈനാക്കുകയും മൂന്ന് ബാങ്കുകളുടെ സിത്രയിലെ ശാഖകൾ താൽക്കാലികമായി അടക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി പൂർണമായും പരിഹരിച്ചതിന്റെ ആശ്വാസത്തിലാണു സിത്രയിലെയും പരിസര പ്രദേശങ്ങളിലുമുള്ളവർ.