ഇന്ത്യൻ സ്‌കൂൾ റാഫിൾ നറുക്കെടുപ്പ് മാറ്റാനിടയാക്കിയ സാഹചര്യം വെളിപ്പെടുത്തണമെന്ന്
നറുക്കെടുപ്പ് മാറ്റിയത് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു
ബഹ്‌റൈനിൽ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന റാഫിൾ നറുക്കെടുപ്പ് മാറ്റി വെക്കാനിടയാക്കിയ സാഹചര്യം സ്‌കൂൾ അധികൃതർ പൊതുജനങ്ങളോട് വെളിപ്പെടുത്തണമെന്ന് യുനൈറ്റഡ് പാരന്റ്‌സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നറുക്കെടുപ്പ് മാറ്റിവെക്കുന്ന കാര്യം പ്രഖ്യാപിക്കാൻ രാത്രി വൈകുംവരെ കാത്തിരുന്നത് എന്തുകൊണ്ടെന്നും അധികൃതർ വ്യക്തമാക്കണം. നറുക്കെടുപ്പ് നടക്കുമെന്ന് കരുതി അർധരാത്രി വരെ കാത്തുനിന്ന രക്ഷിതാക്കൾ നിരാശരായാണ് മടങ്ങിയത്. സ്‌കൂൾ അധികൃതർ മാപ്പുപറയണം. നറുക്കെടുപ്പിനുള്ള റാഫിൾ ടിക്കറ്റുകളിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നമ്പർ ഇല്ലെന്നും ഇത് ക്രമക്കേടിന് വഴിയൊരുക്കുമെന്നും യു.പി.പി നേരത്തേ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് മന്ത്രാലയങ്ങൾക്ക് പരാതി നൽകുകയും പത്രമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, യു.പി.പിയുടെ വാദം ശരിയല്ലെന്ന തരത്തിലുള്ള മറുപടികൾ പറഞ്ഞൊഴിഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭരണസമിതി ചെയ്തതെന്നും ആരോപണമുയർന്നു.
ടിക്കറ്റിൽ നമ്പറില്ലാത്തകാര്യം സൂചിപ്പിച്ച് യു.പി.പി പ്രിൻസിപ്പലിന് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, അതിന് മറുപടി ലഭിച്ചില്ല. ടിക്കറ്റ് തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും തയാറായില്ല. ഭരണസമിതിയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെയാണ് യു.പി.പി നിലകൊള്ളുന്നത്.
റാഫിൾ ബോക്‌സിൽ സൂക്ഷിക്കേണ്ട കൂപ്പണുകൾ മെഗാഫെയറിന്റെ അവസാന ദിവസം അർധരാത്രിയിൽ പുറത്തെടുത്ത് അധ്യാപകരെയും മറ്റു ജീവനക്കാരെയും കൊണ്ട് മന്ത്രാലയത്തിന്റെ അംഗീകാരവും നമ്പറുമടങ്ങുന്ന സീൽ പതിക്കുകയാണ് ചെയ്തതെന്ന് ഭാരവാഹികൾ ആരോപിച്ചു.
ഇതിന്റെ ചിത്രങ്ങൾ പുറത്തായതോടെ ഭരണസമിതിയുടെ തെറ്റായ നടപടികൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. മുൻകാലങ്ങളിൽ മെഗാ ഫെയറുകൾ നടക്കുമ്പോൾ റാഫിൾ കൂപ്പണുകൾ നിക്ഷേപിക്കാനുള്ള ബോക്‌സുകൾ പ്രവേശനകവാടത്തിനടുത്തും പ്രധാന വേദിക്ക് തൊട്ടു മുന്നിലും സ്ഥാപിക്കാറുണ്ടായിരുന്നു. ഇത്തവണ ഇത് സ്ഥാപിക്കാതിരുന്നത് സംശയാസ്പദമാണ്. വിൽപന നടത്തിയ ടിക്കറ്റുകൾ എല്ലാം റാഫിളിൽ ഉൾപ്പെടുത്തുമെന്ന് എന്താണ് ഉറപ്പെന്നും ഭാരവാഹികൾ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ യു.പി.പി ചെയർമാൻ എബ്രഹാം ജോൺ, കൺവീനർ യു.കെ അനിൽ, മറ്റു ഭാരവാഹികളായ ബിജു ജോർജ്, ജ്യോതിഷ് പണിക്കർ, ജോൺ ബോസ്‌കോ, അബ്ബാസ് സേട്ട്, ജോൺ തരകൻ, അൻവർ ശൂരനാട് എന്നിവർ പങ്കെടുത്തു.
അതേ സമയം, നറുക്കെടുപ്പ് മാറ്റിയത് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. റാഫിൾ സംബന്ധിച്ച് ഒരു വിഭാഗം നിരന്തരം പരാതികൾ അയച്ചതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. കൂപ്പണുകൾ എല്ലാം രാത്രിയോടെതന്നെ ബോക്‌സുകളിലാക്കി സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബോക്‌സുകൾ സൂക്ഷിക്കുന്ന മുറിയും സീൽ ചെയ്തിട്ടുണ്ട്.
വിൽപന നടത്തിയ ഓരോ ടിക്കറ്റും സൂക്ഷ്മപരിശോധന നടത്തി, മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അനുമതി നമ്പർ സീൽ ചെയ്താണ് ബോക്‌സിൽ നിക്ഷേപിച്ചത്. നേരത്തേ ബോക്‌സിൽ നിക്ഷേപിച്ച കൂപ്പണുകൾ പുറത്തെടുത്ത് വീണ്ടും സീൽ പതിച്ചെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. എല്ലാ നടപടികളും വീഡിയോ റെക്കോഡിങ് നടത്തിയിട്ടുണ്ടെന്നും അങ്ങേയറ്റം സുതാര്യമായാണ് ഓരോ കാര്യവും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തെന്നു കരുതി എന്തും ചെയ്യാൻ തുനിയരുതെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. ഇത്രയും മികച്ച മെഗാഫെയർ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. മെഗാഫെയറിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.