2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരം: ഒമാനും കുവൈത്തും ഗ്രൂപ്പ് ബിയിൽ
18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്
മസ്‌കത്ത്: 2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടിൽ ഒമാനും കുവൈത്തും ഗ്രൂപ്പ് ബിയിൽ. ദക്ഷിണ കൊറിയ, ഇറാഖ്, ജോർദാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിൽ ഇരു രാജ്യങ്ങൾക്കുമൊപ്പമുള്ളത്. വ്യാഴാഴ്ച രാവിലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്.
2026ലെ ഫിഫ ലോകകപ്പിന് കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുക. 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.
കിർഗിസ് റിപ്പബ്ലിക്, ഇന്തോനേഷ്യ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ എഎഫ്സി ഏഷ്യൻ യോഗ്യതാ മത്സരത്തിന്റെ ഈ ഘട്ടത്തിലാണ് അരങ്ങേറ്റം കുറിക്കുന്നത്.
നിലവിലെ എഎഫ്സി ഏഷ്യൻ കപ്പ് ചാമ്പ്യൻമാരായ ഖത്തർ, ഉസ്ബെക്കിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കിർഗിസ് റിപ്പബ്ലിക്, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എയിലുള്ളത്. ആറാം തവണ ഫിഫ ലോകകപ്പിലെത്താനാണ് ഇറാൻ ശ്രമിക്കുന്നത്.
ഇറാഖ്, ജോർദാൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നിവരുൾപ്പെടെയുള്ള ബി ഗ്രൂപ്പിൽ ദക്ഷിണ കൊറിയക്ക് മേൽക്കൈയുണ്ട്. 1986 മുതൽ തുടർച്ചയായി 10 ഫിഫ ലോകകപ്പ് മത്സരങ്ങൾ കളിച്ചവരാണ് കൊറിയ.
തുടർച്ചയായ എട്ടാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത തേടുന്ന ജപ്പാനാണ് ഗ്രൂപ്പ് സിയിലെ വമ്പന്മാർ. ആസ്ത്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ചൈന, ഇന്തോനേഷ്യ എന്നിവയാണ് ജപ്പാനൊപ്പം ഗ്രൂപ്പിലുള്ളത്.
മൂന്ന് ഗ്രൂപ്പുകളിൽ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാർ ഫിഫ ലോകകപ്പ് 2026-ൽ സ്ഥാനം ഉറപ്പിക്കും, ഓരോ ഗ്രൂപ്പിൽ നിന്നും മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ - ആകെ ആറ് - എഎഫ്സി ഏഷ്യൻ യോഗ്യതാ റൗണ്ടിലേക്ക് - 26 പ്ലേഓഫിലേക്കെത്തും.
ഗ്രൂപ്പ് എ: ഇറാൻ, ഖത്തർ, ഉസ്ബെക്കിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കിർഗിസ് റിപ്പബ്ലിക്, ഉത്തര കൊറിയ
ഗ്രൂപ്പ് ബി: ദക്ഷിണ കൊറിയ, ഇറാഖ്, ജോർദാൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത്
ഗ്രൂപ്പ് സി: ജപ്പാൻ, ആസ്ത്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ചൈന, ഇന്തോനേഷ്യ