ഗൾഫ് രാജ്യങ്ങളും പെരുന്നാൾ നിറവിൽ; ഈദ് നമസ്കാരത്തിനൊരുങ്ങി മസ്ജിദുകളും ഈദ്ഗാഹുകളും

പെരുന്നാൾ ഉറപ്പിച്ചത് മുതൽ വർണപ്രഭയിലാണ് ഗൾഫ് നഗരങ്ങൾ

Update: 2024-04-10 01:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

ദുബൈ: ഗൾഫ് നാടുകളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കൊപ്പമാണ് ഇത്തവണ ഈദ് ആഘോഷിക്കുന്നത്. പെരുന്നാളിനെ വരവേൽക്കാൻ ഗൾഫിലെ പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു.

പെരുന്നാൾ ഉറപ്പിച്ചത് മുതൽ വർണപ്രഭയിലാണ് ഗൾഫ് നഗരങ്ങൾ. 30 ദിവസത്തെ റമദാൻ വ്രതം പിന്നിട്ടാണ് മിക്ക ഗൾഫ് രാജ്യങ്ങളും പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ, ഒരു ദിവസം വൈകി റമദാൻ ആരംഭിച്ച ഒമാനിലും നാട്ടിലും പെരുന്നാൾ ഒരേ ദിവസമായതിനാൽ ഇന്നത്തേത് ഐക്യത്തിന്റെ മധുരമുള്ള പെരുന്നാൾ കൂടിയാണ്.

രാവിലെ സുബഹി നമസ്കാരത്തിന് തൊട്ടുപിന്നാലെ ഗൾഫിലെ പള്ളികളും ഈദ്ഗാഹുകളും തഖ്ബീർ മുഖരിതമാകും. ഇരുഹറമുകളിലും ലക്ഷങ്ങൾ പെരുന്നാൾ നമസ്കരിക്കും. യു.എ.ഇ യിലെ ഈദ്ഗാഹുകളിൽ പ്രാദേശിക സമയം ആറേകാലോടെ പെരുന്നാൾ നമസ്കാരം ആരംഭിക്കും. ദുബൈയിലും ഷാർജയിലുമായി മൂന്നിടങ്ങളിൽ മലയാളത്തിൽ ഖുത്തുബയുള്ള ഈദ്ഗാഹുകൾ ഒരുക്കുന്നുണ്ട്. ദുബൈയിൽ അൽഖൂസ് അൽമനാർ സെന്റററിൽ മൗലവി അബ്ദുസലാം മോങ്ങം നേതൃത്വം നൽകും. ദുബൈ ഖിസൈസിൽ ലുലുവിന് സമീപം ടാർജറ്റ് ഫുട്ബാൾ ഗ്രൗണ്ടിൽ ആദ്യമായി സംഘടിപ്പിക്കുന്ന മലയാളം ഈദ്ഗാഹിന് മൗലവി ഹുസൈൻ കക്കാട് നേതൃത്വം നൽകും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളികളുടെ ഈദ്ഗാഹിൽ മൗലവി ഹുസൈൻ സലഫി നേതൃത്വം നൽകും.

ഈദ് ഇൻ ദുബൈ എന്ന പേരിൽ ദുബൈയിൽ വർണാഭമായ ഈദ്ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി എമിറേറ്റിൽ ഏഴ് സ്ഥലങ്ങളിൽ നാളെ രാത്രി ഒമ്പത് മണിക്ക് വെടിക്കെട്ടുണ്ടാകും. യാസ് ഐലന്‍റില്‍ ഈമാസം 12 വരെ എല്ലാ ദിവസവും രാത്രി 9ന് വെടിക്കെട്ട് ആസ്വദിക്കാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News