സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത്
പഴയ ഹോൾ മാർക്കിംഗ് മുദ്ര മാറ്റുവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
കുവൈത്ത് സിറ്റി: സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് വാണിജ്യ മന്ത്രാലയം. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കുക. പുതിയ നയം നടപ്പിലാക്കുന്നതോടെ പഴയ ഹോൾ മാർക്കിംഗ് മുദ്രകൾ പതിച്ച സ്വർണ്ണാഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുവാനോ പ്രദർശിപ്പുക്കുവാനോ കഴിയില്ല.
അതിനിടെ സ്വര്‍ണ വ്യാപാരികൾ അടുത്ത മൂന്ന് ദിവസത്തിനകം പഴയ ഹോൾ മാർക്കിംഗ് മുദ്രയുള്ള സ്വർണ്ണാഭരണങ്ങൾ വാണിജ്യ മന്ത്രാലയത്തിൽ നൽകി ഹോൾ മാർക്കിംഗ് സീല്‍ പതിപ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 2021 ൽ പുറപ്പെടുവിച്ച സര്‍ക്കാര്‍ തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അൻസി വ്യക്തമാക്കി. തീരുമാനം നടപ്പിലാക്കുന്നതിനു നൽകിയ സമയ പരിധി ഈ മാസം 31 നു അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ രാജ്യത്തെ നൂറുക്കണക്കിന് സ്വര്‍ണ വ്യാപാരികള്‍ ജനുവരി ഒന്നിന് മുമ്പേ സ്വർണ്ണാഭരണങ്ങളില്‍ വാണിജ്യ മന്ത്രാലയത്തിന്‍റെ ഹോൾ മാർക്കിംഗ് സീല്‍ പതിപ്പിക്കേണ്ടിവരും. അതേസമയം ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഈ തീരുമാനം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സീല്‍ പതിക്കാത്ത സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലി കണക്കാക്കില്ലെന്നും സ്വർണ്ണത്തിന്‍റെ മൂല്യം മാത്രമാണ് പരിഗണിക്കുകയെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ പുതിയ നയം നടപ്പിലാക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സ്വര്‍ണ വ്യാപരികൾ അഭിപ്രായപ്പെട്ടു.