26-ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈത്തിൽ പ്രൗഢഗംഭീര പരിസമാപ്തി

ടൂർണമെൻ്റിൻ്റെ മികച്ച സംഘാടനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും കുവൈത്ത് അമീർ നന്ദി പറഞ്ഞു

Update: 2025-01-05 17:23 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് പ്രൗഢഗംഭീര പരിസമാപ്തി. ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയാക്കുകയും മികച്ച സംഘാടനം നടത്തുകയും ചെയ്ത എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും കുവൈത്ത് അമീർ നന്ദി പറഞ്ഞു.

ഒമാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബഹ്റൈനാണ് ജേതാക്കളായത്. അമീർ ശൈഖ് മിഷ്അൽ അൽഅഹമ്മദ് അൽജാബിർ അസ്സബാഹിനായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽഹമദ് അസ്സബാഹ് ചടങ്ങിൽ പങ്കെടുത്തു. ഗൾഫ് കപ്പ് കിരീടം കുവൈത്ത് കിരീടാവകാശി ബഹ്‌റൈൻ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് ജാഫറിനും സീനിയർ താരം ഇസ്മായിൽ അബ്ദുല്ലത്തീഫിനും കൈമാറി.

ഗൾഫ് കപ്പിൽ മികച്ച താരവും ഉയർന്ന സ്‌കോററുമായി ബഹ്റൈന്റെ മുഹമ്മദ് മർഹൂൻ തെരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈന്റെ തന്നെ ഇബ്രാഹിം ലുത്ഫുല്ലയാണ് മികച്ച ഗോളി. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റിയാണ് താരങ്ങളെ തെരഞ്ഞെടുത്തത്. ആരാധക വോട്ടിൽ കുവൈത്തിന്റെ മുഹമ്മദ് ദഹ്ഹാം മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

മേഖലയിൽ നിന്നുള്ള താരങ്ങൾ ഉൾപ്പെടെയുള്ള ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ കുവൈത്ത് കിരീടാവകാശി ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് സമാനമായി സമാപനദിനത്തിലും വർണാഭമായ പരിപാടികളാണ് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഒരുക്കിയത്. സംഗീത ബാൻഡും ഫയർ ഷോയും ആകർഷകമായി. അറേബ്യൻ ഗൾഫ് കപ്പിന്റെ കൂറ്റൻ മോഡലും ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു. അതിനിടെ അറേബ്യൻ ഗൾഫ് കപ്പ് വിജയിപ്പിച്ച എല്ലാവർക്കും കുവൈത്ത് അമീർ നന്ദി അറിയിച്ചു. ടൂർണമെന്റ് ഗംഭീരമായി നടത്താൻ കഴിഞ്ഞത് രാജ്യത്തിന് അഭിമാനമാണെന്ന് അമീർ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News