5 ജി-അഡ്വാൻസ്ഡ് നെറ്റ്വർക്കുമായി കുവൈത്ത്
സിട്രാ പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു
കുവൈത്ത് സിറ്റി: 5 ജി-അഡ്വാൻസ്ഡ് നെറ്റ്വർക്കുമായി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(CITRA). ഇതിനായുള്ള പുതിയ ഫ്രീക്വൻസികൾ സിട്രാ അവതരിപ്പിച്ചു.
ഡിജിറ്റൽ, ആപ്ലിക്കേഷനുകൾ, മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് തുടങ്ങിയ സേവനങ്ങളിൽ വൻ മാറ്റം കൊണ്ടുവരാൻ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിട്രാ ആക്ടിംഗ് ചെയർമാൻ അബ്ദുല്ല അൽ അജ്മി പറഞ്ഞു.
2025 ജൂണോടെ കുവൈത്ത് 3ജി സേവനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും 4ജി, 5ജി സേവനങ്ങൾ മെച്ചപ്പെടുത്താൻ സൗകര്യങ്ങൾ റീഡയറക്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി നിലവിൽ വരുന്നതോടെ സെക്കൻഡിൽ 10 ഗിഗാബൈറ്റുകൾ നിരക്കിൽ വരെ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാകുമെന്നും ഭാവിയിൽ സ്മാർട്ട് സിറ്റികൾ പോലുള്ളവക്കും ഇത് ഗുണം ചെയ്യുമെന്നും അൽ അജ്മി കൂട്ടിച്ചേർത്തു.
5ജി-എ സാങ്കേതികവിദ്യ വരുന്നതോടെ രാജ്യത്തെ മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളുടെ ശേഷി വർദ്ധിക്കും. ഇതോടെ കൂടുതൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ആസ്വദിക്കാൻ വരിക്കാരെ അനുവദിക്കുമെന്നും സിട്രാ അധികൃതർ പറഞ്ഞു.