രാജ്യത്ത് ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളുടെ കരുതൽ ശേഖരമുണ്ട്: കുവൈത്ത് വാണിജ്യ മന്ത്രാലയം
'അമിത വില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി'
Update: 2024-10-10 05:10 GMT
കുവൈത്ത് സിറ്റി: രാജ്യത്ത് ആവശ്യമായ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപന്നങ്ങളുടെ കരുതൽ ശേഖരമുണ്ടെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലാണ് മന്ത്രാലയം കരുതൽ ഭക്ഷ്യ ശേഖരം സംബന്ധിച്ചു ഉറപ്പ് വരുത്തിയത്. ഭക്ഷ്യ വിതരണ സംവിധാനം കാര്യക്ഷമമാണെന്നും ആവശ്യമായ കാലയളവിലേക്കുള്ള അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കരുതൽ ശേഖരം കുവൈത്തിലുണ്ടെന്നും അധികൃതർ പറഞ്ഞു. വിപണികളിലേക്കുള്ള ചരക്കുകളുടെ നീക്കം സാധാരണ ഗതിയിലാണ്.
അതിനിടെ, സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം കൊമേഴ്സ് ഇൻസ്‌പെക്ടർമാരുടെ സംഘം പരിശോധനകൾ നടത്തും. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.