കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ; നിരവധി പ്രവാസികൾക്ക് ആശ്വാസം

ഹവല്ലിയിൽ നടന്ന സുരക്ഷാ പരിശോധനയില്‍ മന്ത്രി നിരവധി പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ട് പരിഹരിച്ചു.

Update: 2024-11-25 14:26 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ നിരവധി പ്രവാസികൾക്ക് ആശ്വാസം. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രവാസികൾ മികച്ച സംഭാവനകളാണ് പതിറ്റാണ്ടുകളായി നൽകുന്നതെന്നും കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് പറഞ്ഞു. പ്രവാസികളെ മാന്യമായി പരിഗണിക്കേണ്ടത് അനിവാര്യമാണ്, എല്ലാ താമസക്കാർക്കും നീതി നൽകുന്നതിന് കുവൈത്ത്,പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഹവല്ലിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ, മന്ത്രി നിരവധി പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിച്ചു. മാസങ്ങളായി താമസ രേഖകളില്ലാതെയും ശമ്പളം ലഭിക്കാതെയും വിഷമിച്ചിരുന്ന ലെബനീസ് തൊഴിലാളികൾ മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും തുടർന്ന്, മന്ത്രി നേരിട്ട് തന്നെ ഇടപെടുകയുമായിരുന്നു. തൊഴിലുടമയെ വിളിച്ചുവരുത്തി മുഴുവൻ വേതനവും നൽകാൻ നിർദ്ദേശം നൽകിയ മന്ത്രി, 48 മണിക്കൂറിനുള്ളിൽ തൊഴിലാളികളുടെ റെസിഡൻസി പുതുക്കാനുള്ള നിർദ്ദേശവും നൽകി. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട അറബ് കുടുംബത്തിന്റെ അപേക്ഷയിൽ ഉചിതമായ നടപടികൾ കൈക്കൊള്ളാനും അദ്ദേഹം നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള അനീതികൾ രാജ്യത്തിൻറെ പ്രതിച്ഛായയ്ക്ക് കറയുണ്ടാക്കുന്നതായും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികൾ കുവൈത്തിന് വർഷങ്ങളായി നൽകിയ സമാനതകളില്ലാത്ത സംഭാവനകളുടെ വെളിച്ചത്തിൽ, അവരെ മാന്യമായി പരിഗണിക്കേണ്ടത് അനിവാര്യമാണെന്നും കുവൈത്ത് എല്ലാ പ്രവാസികൾക്കും നീതി നൽകുന്നതിന് പ്രതിബദ്ധമാണെന്നും ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് പറഞ്ഞു. 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രിയുടെ പരാമർശത്തിൽ സൂചനയുണ്ട്. അഭ്യന്തര മന്ത്രിയുടെ നടപടി കുവൈത്തിലെ പ്രവാസി സമൂഹം വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News