കുവൈത്തില്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
കുവൈത്തില്‍ മയക്കുമരുന്ന് ശേഖരം അധികൃതര്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഏഴ് പ്രവാസികളെ പിടികൂടിയത്.
5,250 കിലോ മയക്കുമരുന്ന് വസ്തുക്കളും 2,600 സൈക്കോട്രോപിക് ഗുളികകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ലഹരിവസ്തുക്കളുടെ വില്‍പനയും കടത്തും തടയാൻ കുവൈത്ത് ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെയും കടത്തുകാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും, രാജ്യം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയിലാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് വ്യക്തമാക്കി.
റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.അറസ്റ്റു ചെയ്ത പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.