വീട്ടുപകരണം വിലക്കുറവിൽ നൽകാമെന്ന് വാട്സ്ആപ്പ് സന്ദേശം; കുവൈത്തിൽ പ്രവാസി യുവതിക്ക് നഷ്ടമായത് 210 ദിനാർ
പണം നഷ്ടമായത് ചെറിയ മുൻകൂർ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: വീട്ടുപകരണങ്ങൾ വിലക്കുറവിൽ നൽകാമെന്ന വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് ഇടപാട് നടത്തിയ കുവൈത്തിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 210 ദിനാർ. സാധനം ഡെലിവറി ചെയ്യുമ്പോൾ പണം നൽകാമെന്ന ധാരണയിൽ 20 ദിനാർ വിലയുള്ള സാധനങ്ങൾ വാങ്ങാനായിരുന്നു യുവതി ശ്രമിച്ചത്. എന്നാൽ ആദ്യം 500 ഫിൽസിന്റെ ചെറിയ പെയ്മെന്റ് നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ അക്കൗണ്ടിൽനിന്ന് 209.800 ദിനാർ പിൻവലിക്കപ്പെടുകയായിരുന്നു.
പ്രവാസിയായ യുവതി താൻ ബന്ധപ്പെട്ട ഫോൺ നമ്പർ അധികൃതർക്ക് കൈമാറി. എട്ട് അക്കങ്ങളുള്ളതാണെങ്കിലും തട്ടിപ്പിന് ഉപയോഗിച്ച ഫോൺ പ്രാദേശികമായുള്ളതായിരിക്കില്ലെന്നും തട്ടിപ്പിനായി ഒരുക്കിയതായിരിക്കുമെന്നുമാണ് അധികൃതരെ ഉദ്ധരിച്ച് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. പ്രവാസി യുവതിയുടെ പരാതിയെതുടർന്ന് വ്യാജരേഖ ചമയ്ക്കൽ, കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങൾ പ്രകാരമുള്ള കേസ് വാണിജ്യകാര്യ പ്രോസിക്യൂഷന് കൈമാറി.