കുവൈത്തിലെ ലുലു ഔട്ട്ലെറ്റുകളിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി
കുവൈത്തിൽ ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലുവിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി. ജനുവരി 25 മുതൽ ഒരാഴ്ച വരെ കുവൈത്തിലെ ലുലു ഔട്ട്ലെറ്റുകളിലാണ് ഫെസ്റ്റിവൽ നടക്കുക.
അൽ റായിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസ്സി പൊളിറ്റിക്‌സ് ആൻഡ് കൊമേഴ്സ് ഫസ്റ്റ് സെക്രട്ടറി സ്മിത പട്ടേൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സംസ്‌കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി 'ഇന്ത്യ ഉത്സവ്' മാറും. ഭക്ഷണമേളയിൽ ഇന്ത്യയുടെ തനത് വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വൈവിധ്യവും അടയാളപ്പെടുത്തുന്ന വർണാഭമായ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ മികച്ച തെളിവാണ് ഇന്ത്യ ഉത്സവെന്നും ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും ആനന്ദവും പകരുന്നതായിരിക്കും ഫെസ്റ്റിവലെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.