ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ കുവൈത്ത് ആദരിക്കുന്നു; ഗൾഫ് കപ്പ് ഫൈനലിൽ ബഹുമതി കൈമാറും
Update: 2025-01-02 11:08 GMT
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ചടങ്ങിൽ ഗൾഫ് ഫുട്ബാൾ ഇതിഹാസങ്ങളെ പ്രത്യേകം ആദരിക്കും. കുവൈത്ത് സാംസ്‌കാരിക- യുവജനകാര്യ മന്ത്രിയും ഗൾഫ് കപ്പ് സുപ്രീം കമ്മിറ്റിയുടെ തലവനുമായ അബ്ദുൽറഹ്‌മാൻ അൽ മുതൈരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗൾഫ് ഫുട്ബാൾ ചരിത്രത്തെ സ്വാധീനിച്ച ഇതിഹാസങ്ങളെ നോമിനേറ്റ് ചെയ്യാൻ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷനുകളെ അറിയിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഫൈനലിനിടെ പ്രത്യേക ചടങ്ങിൽ ഈ താരങ്ങളെ ആദരിക്കും.
ശനിയാഴ്ച വൈകീട്ട് ഏഴിന് ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ഗൾഫ് കപ്പ് മത്സരം എന്നതിലുപരി ഗൾഫ് ഐക്യത്തെയും സഹകരണത്തിന്റെയും പ്രതീകമാണെന്നും ഈ മേഖലയിലെ കായികരംഗത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അൽ മുതൈരി പറഞ്ഞു.