മരുന്നുകളുടെ പരസ്യങ്ങൾക്ക് കുവൈത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
നിയമം ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും 3,000 ദീനാർ വരെ പിഴയും
കുവൈത്ത് സിറ്റി: മരുന്നുകളുടെ പരസ്യങ്ങൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നിയമം ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും 3,000 ദീനാർ വരെ പിഴയും ലഭിക്കും. സ്വകാര്യ മേഖലയിൽ ഫാർമസികൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമാണ് ഈ നിയന്ത്രണങ്ങൾ ബാധകം.
ഉപഭോക്താക്കളുടെ സംരക്ഷണത്തിനും ആരോഗ്യ മേഖലയിൽ സമഗ്രതയും സുതാര്യതയും ഉറപ്പാക്കാനാണ് ഈ തീരുമാനം. പുതിയ മന്ത്രിതല തീരുമാനപ്രകാരം, പരസ്യം ചെയ്യുന്ന മരുന്നുകൾക്കും ആരോഗ്യ ഉൽപ്പന്നങ്ങൾക്കും ഡ്രഗ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂർ അനുമതിയും ലൈസൻസും നിർബന്ധമാണ്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിലടക്കം പരസ്യം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
അതേസമയം, ഫാർമസികളിൽ രോഗികളെയും ഫാർമസിസ്റ്റുകളെയും ഉൾപ്പെടുത്തി ഉള്ളടക്കം ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കർശനമായും നിരോധിച്ചിട്ടുണ്ട്. പരസ്യ കിഴിവുകൾക്കും പ്രൊമോഷണൽ ഓഫറുകൾക്കും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 3,000 കുവൈത്ത് ദിനാർ പിഴയോ ലഭിക്കും.