കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളം; മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം 76.4 ശതമാനം പൂര്‍ത്തിയായി
2025 ല്‍ പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാര്‍ വിമാനത്താവളം വഴി യാത്ര ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വികസന പദ്ധതിയായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം 76.4 ശതമാനം പൂര്‍ത്തിയായതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ട് പോകുന്നുണ്ടെന്നും സാങ്കേതിക തടസങ്ങളൊന്നും മുന്നിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കൺട്രോൾ ടവറിന്റെ നിര്‍മ്മാണവും റൺവേ അടങ്ങുന്നതാണ് മുന്നാം ഘട്ടം. വിഷൻ-2035 പദ്ധതിയിലെ പ്രധാന പദ്ധതിയാണ് വിമാനത്താവള വികസനം.. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന തരത്തിലാകുമെന്ന് അധികൃതര്‍ പറഞ്ഞു. 2025 ല്‍ പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ 1,80,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് എയര്‍പോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുന്നത്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സോളാര്‍ സെല്ലുകളിലാണ് സജ്ജമാക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങള്‍ക്ക് പ്രവേശിക്കാനായി 51 കവാടങ്ങളും ഇതിലുണ്ട്. പ്രധാന കെട്ടിടവുമായി രണ്ട് ട്രാന്‍സിറ്റ് ഹോട്ടലുകളും ബന്ധിപ്പിച്ചിട്ടുണ്ട്.നിലവില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ വികസനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.