മൈക്രോസോഫ്റ്റ് സേവന തടസ്സം; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനങ്ങളെയും ബാധിച്ചു
ലോകമെമ്പാടുമുള്ള നിരവധി വിമാനങ്ങളെ ഈ തകരാറ് ബാധിച്ചതായി ഡി.ജി.സി.എ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു
കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റ് സേവനങ്ങളുടെ ആഗോള തടസ്സം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനങ്ങളെയും ബാധിച്ചു. പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി വിമാനങ്ങളെ ഈ തകരാറ് ബാധിച്ചതായി ഡി.ജി.സി.എ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു.
കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ്, അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുമായി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഏകോപനം നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു. ആഗോള പ്രശ്‌നത്തിൽ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ സാങ്കേതിക തകരാർ ബാധിച്ചതായി കുവൈത്ത് ആസ്ഥാനമായുള്ള ജസീറ എയർവേയ്സ് അറിയിച്ചു.