ചരിത്ര സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി കുവൈത്തിൽ നിന്ന് മടങ്ങി
കുവൈത്ത് അമീര്‍ അടക്കമുള്ള ഭരണ നേതൃത്വവുമായി മോദി ചര്‍ച്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ കുവൈത്ത് സന്ദർശനത്തിന് സമാപനം. പ്രാദേശിക സമയം രാവിലെ 10 മണിക്ക് ബയാൻ കൊട്ടാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹ്‌മദ് ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കിരീടാവകാശി ശൈഖ് സബ അൽ ഖാലിദ് ഹമദ് മുബാറക് അസ്സബാഹുമായും പ്രധാനമന്ത്രി സംവദിച്ചു. നേരത്തെ സെപ്റ്റംബറിൽ ന്യൂയോർക്കിൽ കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്രബന്ധങ്ങൾ, ജനങ്ങളുടെ ആഗ്രഹങ്ങൾ, കൂടാതെ വിവിധ മേഖലകളിൽ കൈവരിക്കേണ്ട നേട്ടങ്ങൾ എന്നിവയെ കുറിച്ചും നേതാക്കൾ ചർച്ച നടത്തി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുള്ള അസ്സബാഹുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പരസ്പരം താൽപ്പര്യമുള്ള വിഷയങ്ങളിലും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളിലെ കാഴ്ചപ്പാടുകൾ ഇരുവരും കൈമാറി. ഇരു രാജ്യങ്ങളും ഒപ്പിട്ട ധാരണാപത്ര പ്രകാരം ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തും. അടുത്ത നാല് വർഷത്തേക്ക് ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടികൾ നടപ്പാക്കും. സ്‌പോർട്‌സ് മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനായി മൂന്ന് വർഷത്തെ എക്‌സിക്യൂട്ടീവ് പ്രോഗ്രാം നടപ്പിലാക്കുവാനും ധാരണയായി. ഇന്റർനാഷനൽ സോളാർ അലയൻസ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ കുവൈത്തിനെയും അംഗമാക്കും. കുവൈത്ത് അമീർ അടക്കമുള്ള ഭരണ നേതൃത്വവുമായി ചർച്ച നടത്തിയ മോദി വൈകീട്ട് ഡൽഹിയിലേക്ക് മടങ്ങി.