'നമുക്ക് ജാഗ്രത പാലിക്കാം'; സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കാമ്പയിനുമായി നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്
'ബാങ്ക് അക്കൗണ്ട് വിവരം പങ്കിടുന്നതിനും ഇടപാട് നടത്തുന്നതിനും മുമ്പ് ഐ.ഡികൾ പരിശോധിക്കൂ'
കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കാമ്പയിനുമായി നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്. പ്രാദേശിക ബാങ്കുകളുമായും കുവൈത്ത് ബാങ്കിംഗ് അസോസിയേഷനുമായും (കെബിഎ) സഹകരിച്ചാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത 'ലെറ്റസ് ബി അവേർ -നമുക്ക് ജാഗ്രത പാലിക്കാം' കാമ്പയിൻ നടത്തുന്നത്. ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്തുകയും ഇലക്ട്രോണിക് തട്ടിപ്പ് ഭീഷണികളെ ചെറുക്കുകയുമാണ് ലക്ഷ്യം.
തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിനോ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിനോ മുമ്പായി വ്യക്തിഗത, കോർപ്പറേറ്റ് ഐഡന്റിറ്റികൾ പരിശോധിക്കാൻ എൻ.ബി.കെ ആവശ്യപ്പെട്ടു.
ആൾമാറാട്ടം നടത്തുന്നതടക്കം നിരവധി രീതികളിലൂടെ തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കാമ്പയിൻ. ഫോണിലൂടെ ബാങ്കിംഗ് വിവരം നേടി തട്ടിപ്പ് നടക്കുന്നത് മുൻനിർത്തി, ഫോൺ കോളുകളിലൂടെ ഒരിക്കലും തങ്ങൾ ഉപഭോക്താക്കളോട് വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി.
ബാങ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റ് ഡിജിറ്റൽ ചാനലുകളിലും പോസ്റ്റ് ചെയ്തിരിക്കുന്ന സുരക്ഷാ മാർഗങ്ങൾ പിന്തുടരാനും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാർ കൊണ്ടുപോകാതിരിക്കാൻ....
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കിടുന്നതിനോ ഇടപാടുകൾ നടത്തുന്നതിനോ മുമ്പായി നൽകുന്നതാർക്കാണെന്ന് പരിശോധിക്കുക
- ലിങ്കുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുക
- മൊബൈൽ ഫോണിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ/പിൻ പോലുള്ള രഹസ്യ വിവരങ്ങൾ സൂക്ഷിക്കാതിരിക്കുക
- കാർഡിൽ പിൻ എഴുതുകയോ അത് പങ്കിടുകയോ ചെയ്യാതിരിക്കുക
- ഒടിപി പങ്കുവെക്കാതിരിക്കുക
- ഇടപാട് പൂർത്തിയായാൽ മൊബൈൽ ബാങ്കിംഗ് ആപ്പിൽ നിന്നും വെബ്സൈറ്റിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക