ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

സമഗ്ര ഗൈഡ് തയ്യാറാക്കാൻ ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി വകുപ്പിനെ ചുമതലപ്പെടുത്തി

Update: 2024-06-26 10:26 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹലാൽ ഭക്ഷണത്തിന്റെ ഇറക്കുമതിയും സർട്ടിഫിക്കേഷനും നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന നിർദേശങ്ങളും തീരുമാനങ്ങളും നാഷണൽ ഹലാൽ ഫുഡ് കമ്മിറ്റിയുടെ ഉദ്ഘാടന യോഗത്തിൽ അവതരിപ്പിച്ചു.

ഇറക്കുമതി ഗൈഡ് തയ്യാറാക്കൽ

കുവൈത്തിലേക്ക് ഹലാൽ ഭക്ഷണം ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ആവശ്യകതകളും വിശദീകരിക്കുന്ന സമഗ്ര ഗൈഡ് തയ്യാറാക്കാൻ ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി വകുപ്പിനെ ചുമതലപ്പെടുത്തി. രാജ്യത്തേക്ക് ഇറക്കുമതി നടത്തുന്നവർക്ക് ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ ഗൈഡ് റഫറൻസായി സഹായിക്കും.

Advertising
Advertising

ഹലാലായി അറുത്ത മൃഗങ്ങൾക്കുള്ള പ്രൊഫഷണൽ സർട്ടിഫിക്കേഷൻ

ഹലാലായി അറുത്ത മൃഗങ്ങൾക്ക് പ്രത്യേകമായി പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഒരുക്കാൻ കമ്മിറ്റി നിർദ്ദേശിച്ചു. ഈ സർട്ടിഫിക്കേഷൻ ഇസ്‌ലാമിക ഭക്ഷണ നിയമങ്ങൾ പാലിക്കുന്നതും ഹലാൽ കശാപ്പ് സമ്പ്രദായം പാലിക്കുന്നതും ഉറപ്പാക്കാനുള്ളതാണ്.

നാഷണൽ ഹലാൽ ഫുഡ് കമ്മിറ്റിയുടെ ചുമതലകൾ 

നാഷണൽ ഹലാൽ ഫുഡ് കമ്മിറ്റിയുടെ ചുമതലകൾ യോഗം നിർവചിച്ചു. ഹലാൽ ഭക്ഷണങ്ങളെ സംബന്ധിച്ച ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റിയുടെ സാങ്കേതികവും ഭരണപരവുമായ മേൽനോട്ടം വഹിക്കുക, ഹലാൽ സർട്ടിഫിക്കറ്റുകളും ഹലാൽ കശാപ്പ് സർട്ടിഫിക്കറ്റുകളും നൽകാൻ അധികാരമുള്ള ഇസ്‌ലാമിക സംവിധാനത്തെ നിയമിക്കുന്നതിനുള്ള സ്ഥാപനമായി പ്രവർത്തിക്കുക എന്നിവയാണ് ചുമതലകൾ. ഹലാൽ നിബന്ധന പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകളിലും സമിതി പങ്കെടുത്തേക്കും. സമിതിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ബോധവത്ക്കരണം, ഗവേഷണം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News