കുവൈത്തിൽ ഫാമിലി വിസക്ക് അപേക്ഷിക്കാൻ ഡിഗ്രി വേണ്ട; മുൻ വ്യവസ്ഥ റദ്ദാക്കി ആഭ്യന്തര മന്ത്രാലയം

'മിനിമം സാലറി 800 കുവൈത്ത് ദിനാർ വേണം'

Update: 2024-07-16 06:52 GMT
Advertising

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യൂണിവേഴ്‌സിറ്റി ഡിഗ്രി വേണമെന്ന വ്യവസ്ഥ റദ്ദാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച തീരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, പ്രവാസികൾക്ക് അവരുടെ ഭാര്യമാരെയും 14 വയസ്സിന് താഴെയുള്ള കുട്ടികളെയും യൂണിവേഴ്‌സിറ്റി ബിരുദം എന്ന വ്യവസ്ഥയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമുണ്ടെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം പുതിയ നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി കുടുംബ വിസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങാൻ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫേഴ്‌സ് വകുപ്പുകൾക്ക് കഴിഞ്ഞ ജനുവരിയിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു. കുടുംബത്തെ കൊണ്ടുവരുന്ന പ്രവാസികൾക്ക് മിനിമം സാലറി 800 കുവൈത്ത് ദിനാർ വേണമെന്ന നിബന്ധനയടക്കമുള്ള പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും സംബന്ധിച്ച് മന്ത്രിതല പ്രമേയം നമ്പർ 56/2024 പുറപ്പെടുവിച്ചതിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. അപേക്ഷകന് സർവകലാശാലാ യോഗ്യത വേണമെന്നും കൂടാതെ രാജ്യത്തെ അവന്റെ തൊഴിൽ, യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി പൊരുത്തപ്പെടണമെന്നും നിബന്ധനയുണ്ടായിരുന്നു.

അതേസമയം, മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികൾ തുടരുന്നതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ നടപടികൾ തുടരുമെന്നും നിയമലംഘകരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും നടപടിയുണ്ടാകുമെന്നും അവർ സ്ഥിരീകരിച്ചു. നിയമലംഘകർക്ക് ആവശ്യമായ എല്ലാ മാനുഷിക സേവനങ്ങളും നൽകാൻ മന്ത്രാലയത്തിലെ മുതിർന്ന നേതൃത്വം നിർദേശം നൽകിയതായും അവരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഡിപ്പോർട്ടേഷൻ അഡ്മിനിസ്‌ട്രേഷന് നിർദേശം നൽകിയതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News