കുവൈത്തില്‍ മത്സ്യബന്ധന പെര്‍മിറ്റിന് ഇനിമുതല്‍ സഹല്‍ ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാം
വാണിജ്യ ആവശ്യത്തിനും വാണിജ്യേതരമായി വിനോദം ലക്ഷ്യമാക്കിയും മീന്‍ പിടിക്കാന്‍ അനുമതി നല്‍കും
കുവൈത്തില്‍ മത്സ്യബന്ധന പെര്‍മിറ്റിന് ഇനിമുതല്‍ സഹല്‍ മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാം. വാണിജ്യ ആവശ്യത്തിനും വാണിജ്യേതരമായി വിനോദം ലക്ഷ്യമാക്കിയും മീന്‍ പിടിക്കാന്‍ അനുമതി നല്‍കുമെന്ന് സഹല്‍ വക്താവ് യൂസുഫ് കാസിം അറിയിച്ചു.
നേരത്തെ പരിസ്ഥിതി അതോറിറ്റിയില്‍ നേരിട്ടാണ് ഫിഷിങ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടിയിരുന്നത്. ഇതാണ് ഏക ജാലക പോര്‍ട്ടല്‍ ആയ സഹല്‍ വഴി ആക്കിയത്. വാണിജ്യാവശ്യത്തിനല്ലാതെ വിനോദത്തിനായുള്ള മത്സ്യബന്ധനത്തിന് അഞ്ച് ദീനാര്‍ ഫീസ് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഒരാള്‍ക്ക് മാസത്തില്‍ അഞ്ചുതവണയാണ് ഇത്തരത്തില്‍ പെര്‍മിറ്റ് അനുവദിക്കുക. മീന്‍ പിടിക്കുന്നതിനായി പ്രത്യേക പ്രദേശങ്ങള്‍ നിശ്ചയിച്ചുകൊടുക്കും. മത്സ്യബന്ധന വിനോദം ലക്ഷ്യമാക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണവുമുണ്ടാകും. പെര്‍മിറ്റ് എടുക്കാതെ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരമാണ്.
പിടികൂടിയാല്‍ വിദേശികളെ നാടുകടത്തുകയും സ്വദേശികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അനുവദിച്ച ഭാഗങ്ങളിലല്ലാതെ മീന്‍പിടിച്ചാല്‍ 5000 ദീനാര്‍ വരെ പിഴ ചുമത്തുമെന്നും ഒരു വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.