പി.എം.എ സലാമിന്റെ പരാമർശം അപലപനീയം: കുവൈത്ത് ഇസ്ലാമിക് കൗൺസിൽ
സമസ്ത പ്രസിഡന്റിനെ പരിഹാസപരമായ രീതിയിൽ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗിന്റെ അമരത്തിരിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കാനാകില്ലെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു
കുവൈത്ത് സിറ്റി: കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയാഘോഷ വേളയിൽ, മുസ്ലിം ലീഗ് നേതാവ് പി. എം. എ. സലാം, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമർശത്തിൽ കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പാലക്കാട്ടെ ഇടതും വലതും സ്ഥാനാർത്ഥികൾ ഇരുവരും ജിഫ്രി തങ്ങളെ സമീപിച്ച് അനുഗ്രഹം തേടിയതും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതായിട്ടും, പരാജയപ്പെട്ട ഇടതു സ്ഥാനാർത്ഥിയുടെ സന്ദർശനം മാത്രം എടുത്തുപറഞ്ഞ് സമസ്ത പ്രസിഡന്റിനെ പരിഹാസപരമായ രീതിയിൽ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കാനാകില്ലെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
'സരിൻ പരാജയപ്പെട്ടത് ജിഫ്രി തങ്ങൾ അനുഗ്രഹം നൽകിയതുകൊണ്ടാണെങ്കിൽ, ചേലക്കരയിൽ രമ്യ പരാജയപ്പെട്ടത് മുസ്ലിം ലീഗ് നേതാക്കൾ നൽകിയ അനുഗ്രഹം കൊണ്ടാണോ?' എന്നതിനെക്കുറിച്ച് സലാം വിശദീകരിക്കണമെന്നും ഇസ്ലാമിക് കൗൺസിൽ ആവശ്യപ്പെട്ടു.
കൗൺസിൽ കേന്ദ്ര ചെയർമാൻ ശംസുദ്ധീൻ ഫൈസി, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ ദാരിമി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഈ.എസ്. അബ്ദുറഹിമാൻ ഹാജി തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.