ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് കുവൈത്തിലെ റസിഡൻസി നിയമത്തിൽ ഇളവ്?

തൊഴിലാളി ക്ഷാമത്തെ തുടർന്ന് വിഷയം അധികൃതർ പരിഗണിക്കുന്നതായി റിപ്പോർട്ട്

Update: 2024-11-05 05:25 GMT
Advertising

കുവൈത്ത് സിറ്റി: യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു. പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് നീക്കം.

തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതിനെ തുടർന്നാണ് നിയമത്തിൽ ഇളവ് വരുത്താൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആലോചിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-ജരീദ റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് നിയമത്തിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നത്.

നിലവിലെ നിയമമനുസരിച്ച് ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞവർക്ക് ഒരു വർഷത്തെ വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസും മറ്റ് ഫീസുകളും അടക്കം 1000 ദിനാറിലധികമാണ് ചിലവാകുന്നത്. ഉയർന്ന തുക ചെലവഴിക്കേണ്ടതിനാൽ ഇഖാമ പുതുക്കാതെ നിരവധി സ്‌പെഷ്യലൈസ്ഡ് തൊഴിലാളികളാണ് രാജ്യം വിടുന്നത്.

പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള തയ്യൽക്കാർ, ഷെഫ് തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യം വിടുന്നത് പ്രാദേശിക തൊഴിൽ വിപണിയെ ബാധിച്ചിട്ടുണ്ട്. അടുത്തിടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ തൊഴിൽ വിപണി ഉയർത്താൻ നിരവധി തിരുത്തൽ നടപടികളാണ് സ്വീകരിച്ച് വരുന്നത്.

ഗവൺമെൻറ് കരാറുകളിൽ നിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനും വീട്ടുജോലിക്കാർക്ക് ഗാർഹിക വിസയിൽ നിന്ന് സ്വകാര്യ തൊഴിൽ വിസയിലേക്ക് മാറാനും അനുമതി നൽകിയിരുന്നു.പുതിയ നടപടികൾ പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News