കുവൈത്തിൽ ശക്തമായ തണുപ്പ് തുടരും; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
രാജ്യത്ത് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് അന്തരീക്ഷ താപനില കുറയുന്നത്
Update: 2023-02-17 17:38 GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദിവസങ്ങളായി അനുഭവപ്പെടുന്ന തണുപ്പ് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. വാരാന്ത്യങ്ങളില്‍ തണുപ്പ് കൂടുമെന്നും രാത്രിയിൽ അന്തരീക്ഷ താപനില 5 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് അന്തരീക്ഷ താപനില കുറയുന്നത്. രാത്രി സമയങ്ങളില്‍ തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ റമദാൻ മുന്നറിയിപ്പ് നല്‍കി.