ഡോ. അബൂബക്കർ സിദ്ദീഖ് സലാല ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ്
ഇന്ത്യൻ സ്‌കൂൾ സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡന്റായി ഡോ. അബൂബക്കർ സിദ്ദീഖിനെ ബോർഡ് ഓഫ് ഡയരക്‌ടേഴ്‌സ് നിയമിച്ചു. നിലവിലുള്ള പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്‌സാൻ ജമീലിന്റെയും കമ്മിറ്റിയുടെയും കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ സ്‌കൂൾ മാനേജിങ് കമ്മിറ്റി ട്രഷററായ ഡോ. അബൂബക്കർ സിദ്ദീഖ്, രണ്ട് കാലയളവിലായി നാല് വർഷമായി എസ്.എം.എസി അംഗമായിരുന്നു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹം ഓർത്തോഡോണ്ടിക് സ്‌പെഷ്യലിസ്റ്റും അൽ സാഹിർ സ്ഥാപനങ്ങളുടെ മേധാവിയുമാണ്. കഴിഞ്ഞ 23 വർഷമായി സലാലയിലുള്ള ഇദ്ദേഹം സാമൂഹ്യ-ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമാണ്. ഭാര്യ ഡോ. സമീറ സിദ്ദീഖ് ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസിൽ അധ്യാപികയാണ്.
അബൂബക്കർ സിദ്ദീഖിന്റെ നിയമനം സ്‌കൂളിന്റെ സമഗ്ര പുരോഗതിക്ക് ഗുണം ചെയ്യുമെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ രണ്ട് വർഷത്തേക്കാണ് നിയമനം. പുതിയ കമ്മിറ്റിയും മറ്റു ഭാരവാഹികളും വൈകാതെ നിലവിൽ വരും.