2030 ഓടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ജിസിസി രാജ്യങ്ങൾ

'ഗൾഫ് രാജ്യങ്ങളിലെ ഭാവി കാലാവസ്ഥാ വ്യതിയാന മാനേജ്മെന്റും സാമ്പത്തിക വികസനവും' യോഗത്തിലാണ് പ്രഖ്യാപനം

Update: 2025-02-09 10:24 GMT
GCC countries to invest $100 billion in renewable energy sector by 2030
AddThis Website Tools
Advertising

മസ്‌കത്ത്: 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ്ജ മേഖലയിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ഗൾഫ് രാജ്യങ്ങൾ പദ്ധതിയിടുന്നു. സുസ്ഥിര ഊർജ്ജത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഉദ്‌വമനം 20% വരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

മസ്‌കത്തിൽ ശനിയാഴ്ച സമാപിച്ച 'ഗൾഫ് രാജ്യങ്ങളിലെ ഭാവി കാലാവസ്ഥാ വ്യതിയാന മാനേജ്മെന്റും സാമ്പത്തിക വികസനവും' എന്ന വിഷയത്തിലുള്ള 43-ാമത് യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ, പരിസ്ഥിതി വിദഗ്ധരാണ് പരിപാടിയിൽ പങ്കെടുത്തത്.

ആഗോള എണ്ണയുടെ ഏകദേശം 25% ഉത്പാദിപ്പിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ കാർബൺ ഉദ്‌വമനത്തിനും ഇടയാക്കുന്നുണ്ട്. 2022 ൽ ഏകദേശം 1.5 ബില്യൺ ടൺ CO2 അല്ലെങ്കിൽ ആഗോള ഉദ്‌വമനത്തിന്റെ 4% ആണ് ജിസിസിയിൽ നിന്നുണ്ടായത്.

അതേസമയം, വർധിച്ചുവരുന്ന താപനില, ജലക്ഷാമം, സമുദ്രനിരപ്പ് ഉയരൽ എന്നിവയുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗൾഫ് മേഖലയിലെ താപനില 2.5°C വരെ ഉയരുമെന്നും ഇത് വരൾച്ച, പൊടിക്കാറ്റ് തുടങ്ങിയ വെല്ലുവിളികൾ രൂക്ഷമാക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

അതിനിടെ, കാലാവസ്ഥാ നിഷ്‌ക്രിയത്വത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഒമാനി ഇക്കണോമിക് അസോസിയേഷൻ ചെയർമാൻ ഡോ. ഖാലിദ് ബിൻ സയീദ് അൽ അമ്‌രി ചൂണ്ടിക്കാട്ടി. 'കാലാവസ്ഥാ ദുരന്തങ്ങൾ മൂലമുള്ള ആഗോള സാമ്പത്തിക നഷ്ടം 2022 ൽ ഏകദേശം 270 ബില്യൺ യുഎസ് ഡോളറിലെത്തി. ഗൾഫ് മേഖലയിൽ, ഫലപ്രദമായ കാലാവസ്ഥാ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നത് 2050 ആകുമ്പോഴേക്കും ജിഡിപിയുടെ 5% വരെ നഷ്ടമുണ്ടാക്കും' അദ്ദേഹം പറഞ്ഞു. 100 ബില്യൺ യുഎസ് ഡോളറിന്റെ പുനരുപയോഗ ഊർജ്ജ നിക്ഷേപം ജിസിസി രാജ്യങ്ങളെ ആഗോള സുസ്ഥിരതാ ശ്രമങ്ങളിൽ പ്രധാന പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പുനരുപയോഗ ഊർജ്ജം, ആണവോർജ്ജം, ഹൈഡ്രജൻ തുടങ്ങിയ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിലാണ് ഈ മാറ്റം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതോടൊപ്പം COP ഉച്ചകോടികൾ പോലുള്ള അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളോടുള്ള പ്രതിബദ്ധതകൾ നിറവേറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു'.

ഗൾഫ് ഡെവലപ്മെന്റ് ഫോറവുമായി സഹകരിച്ച് ഒമാനി ഇക്കണോമിക് അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന യോഗത്തിൽ, ഊർജ്ജ പരിവർത്തനത്തിന്റെ വെല്ലുവിളികളെ മറികടക്കാൻ ആവശ്യമായ നയങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ചും ചർച്ച ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News