ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
പുലർച്ചെ നാല് മുതൽ വൈകീട്ട് നാലു വരെയാണ് മഴ മുന്നറിയിപ്പുളളത്
മസ്‌കത്ത്: ഒമാന്റെ വിവിധയിടങ്ങളിൽ നാളെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബർ 26ന് പുലർച്ചെ നാലു മുതൽ വൈകീട്ട് നാല് വരെയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാവുമെന്നാണ് പ്രവചനം. ഈ പ്രദേശങ്ങളിലുള്ള താമസക്കാർക്ക് സിഎഎ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
15 മുതൽ 35 മില്ലീമീറ്റർ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം സജീവമായ കാറ്റുമുണ്ടാകും. മുസന്ദം, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ എന്നിവയുൾപ്പെടെ മറ്റ് പ്രദേശങ്ങളിൽ 5 മുതൽ 15 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം . മണിക്കൂറിൽ 28 മുതൽ 64 കി.മീ വേഗതയിൽ വീശുന്ന കാറ്റിൽ നിന്നുള്ള അപകടസാധ്യതകളെക്കുറിച്ചും സിഎഎ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ തീരങ്ങളിലും തിരമാലകളുടെ ഉയരം 1.5 മുതൽ 2.5 മീറ്റർ വരെയാകുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ജാഗ്രത പാലിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. ഈ സമയത്ത് കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു. അതേസമയം പ്രതീകൂല കാലാവസ്ഥയെ തുടർന്ന് ഖബൂറ, സുവൈഖ്, നോർത്ത് ബത്തിന, ബർക, മുസന്ന എന്നിവിടങ്ങളിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും ഡിസംബർ 26 വ്യാഴാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.