ഇന്ത്യാ തെരഞ്ഞെടുപ്പ്: ഒമാനി റിയാലിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്

യുഎസ് ഡോളറിനെതിരെയും ഇന്ത്യൻ രൂപ ഇടിഞ്ഞു

Update: 2024-06-05 06:58 GMT
Advertising

മസ്‌കത്ത്: ഇന്ത്യൻ ദേശീയ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാരിന്റെ തകർച്ചയെ തുടർന്ന് ഒമാനി റിയാലിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്. ഒരു ഒമാനി റിയാലിന് 216.70 ഇന്ത്യൻ രൂപ എന്ന നിലവാരത്തിലേക്കാണ് അടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പറയപ്പെട്ട മേധാവിത്തവും ഒറ്റയ്ക്ക് ഭൂരിപക്ഷവും നേടിയില്ലെന്നാണ് ഒമാൻ ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ടൈംസ് ഓഫ് ഒമാനാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച റിപ്പോർട്ട് ചെയ്തത്.

''പോൾ സർവേകൾ എൻഡിഎയ്ക്ക് കൂടുതൽ സീറ്റുകൾ നൽകിയിരുന്നു, ഇത് ഓഹരി വിപണിയിലെ കുതിപ്പിനും വെള്ളിയാഴ്ചത്തെ ക്ലോസിംഗിനെതിരെ രൂപയുടെ മൂല്യം ഉയരാനും ഇടയാക്കി. എന്നാൽ ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. അതിനാൽ, വിപണി പ്രതികൂലമായി പ്രതികരിക്കുകയും തകർച്ച നേരിടുകയും ചെയ്തു. യുഎസ് ഡോളറിനെതിരെയും ഇന്ത്യൻ രൂപ ഇടിഞ്ഞ് 83.55 രൂപയിലെത്തി'' മുൻ എസ്ബിഐ ഉദ്യോഗസ്ഥനും സാമ്പത്തിക വിദഗ്ദനുമായ ആർ. മധുസൂദനൻ പറഞ്ഞു.

എക്സ്ചേഞ്ച് ഹൗസുകൾ നിലവിൽ ഒരു ഒമാനി റിയാലിന് 216.70 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ രൂപ -ഡോളർ നിരക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ പരിധിയിൽ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ ഗവൺമെന്റിന്റെ രൂപീകരണത്തെ ആശ്രയിച്ചായിരിക്കുമിത്.

ഇന്ത്യൻ ഓഹരി വിപണി

ഇന്ത്യൻ പാർലമെന്റ് ഫലം പ്രഖ്യാപിച്ച ദിവസം ഇന്ത്യൻ ഓഹരി സൂചികകൾ വൻ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 293 സീറ്റുകളിൽ ലീഡ് ചെയ്തപ്പോൾ ഇന്ത്യാ സഖ്യം 234 സീറ്റുകളിൽ ലീഡ് ചെയ്തിരിക്കുകയാണ്. 16 സീറ്റുകളിൽ മറ്റുള്ളവരാണുള്ളത്.

കേന്ദ്രത്തിൽ ബി.ജെ.പി നയിക്കുന്ന കൂട്ടുകക്ഷി സർക്കാർ വരുമെന്നത് വിപണിയിൽ വ്യാപകമായ ഉത്കണ്ഠയ്ക്കും ഓഹരി സൂചികകളിൽ കുത്തനെ ഇടിവിനും കാരണമായിരിക്കുകയാണ്. ക്ലോസിംഗ് ബെല്ലിൽ സെൻസെക്സ് 4,389.73 പോയിന്റ് അഥവാ 5.74 ശതമാനം താഴ്ന്ന് 72,079.05 പോയിന്റിലും നിഫ്റ്റി 1,379.40 പോയിന്റ് അഥവാ 5.93 ശതമാനം ഇടിഞ്ഞ് 21,884.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളും കഴിഞ്ഞ കനത്ത നഷ്ടത്തിലായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News