ഇന്ത്യൻ സ്കൂൾ പ്രവേശനം: നറുക്കെടുപ്പിലൂടെ സീറ്റ് ലഭിച്ചത് 3543 അപേക്ഷകർക്ക്
കെ.ജി മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്ക് ഓൺലൈൻ നറുക്കെടുപ്പിലൂടെ ആണ് സീറ്റ് നൽകിയത്
മസ്കത്ത്: മസ്കത്തിലെയും പരിസര പ്രദശേങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കളുകളിൽ പ്രവേശനം നേടുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. കെ.ജി മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്ക് ഓൺലൈൻ നറുക്കെടുപ്പിലൂടെ ആണ് സീറ്റ് നൽകിയത്.
മസ്കത്തിലെയും പരിസര പ്രദശേങ്ങളിലെയും സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള നറുക്കെടുപ്പിൽ സീറ്റ് ലഭിച്ചത് 3543 അപേക്ഷകർക്ക് ആണ്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരുന്നത് കെ.ജി വിഭാഗത്തിലേക്കായിരുന്നു.
കെ.ജി ഒന്നിലേക്ക് 1402ഉം കെ.ജി രണ്ടിലേക്ക് 458ഉം അപേക്ഷകളുമാണ് ഉണ്ടായിരുന്നത്. 72 ശതമാനം അപേക്ഷകർക്കും അവർ ആദ്യ ചോയ്സായി നൽകിയ സ്കൂൾ തന്നെ ലഭിച്ചു. പ്രവേശന തീയതിയെ ക്കുറിച്ചും അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും സ്കൂളുകൾ രക്ഷിതാക്കളെ അറിയിക്കും.
രക്ഷിതാക്കളുടെ സൗകര്യം പരിഗണിച്ച് വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം ഘട്ടം ഘട്ടമായി സ്കൂളുകൾ വഴി നടത്തും. ഒന്നാം ഘട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയ അപേക്ഷകർക്കായി ഓൺലൈൻ രജിസ്ട്രേഷൻ 18ന് ആരംഭിക്കും. ഓരോ സ്കൂളുകളുടയും സീറ്റ് ലഭ്യതക്കനുസരിച്ചുള്ള പുതിയ ഒഴിവുകളും സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ മസ്കത്തിലായിരുന്നു ഓൺലൈൻ നറുക്കെടുപ്പ് നടന്നത്.