ഇന്ത്യൻ സ്‌കൂൾ സലാല; പുതിയ മാനേജിങ് കമ്മിറ്റി ചുമതലയേറ്റു
ഇന്ത്യൻ സ്‌കൂൾ സലാലയുടെ 2023-24 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു. ഡോ.അബൂബക്കർ സിദ്ദീഖിനെ പ്രസിഡന്റായി ബി.ഒ.ഡി നേരത്തെ നിശ്ചയിച്ചിരുന്നു. യാസർ മുഹമ്മദാണ് വൈസ് പ്രസിഡന്റ്.
മുഹമ്മദ് യൂസുഫ് കൺവീനറും ഡോ. ഷാജി പി. ശ്രീധർ ട്രഷററുമാണ്. ജാബിർ ഷരീഫ്, അരുൺ രാജ്, ഷാരീഖ് മുഹമ്മദ് എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ. സ്‌കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ ഡയരക്ടർ ഇൻ ചാർജുമാരായ (ഡി.ഐ.സി) സിറാജുദ്ദീൻ നഹ്‌ലത്ത്, അമ്പലവാണൻ എന്നിവർ കമ്മിറ്റിയംഗങ്ങൾക്ക് ബാഡ്ജ് നൽകിയാണ് ചുമതലയേറ്റത്. പ്രശംസനീയമായ സേവനം നിർവ്വഹിച്ച കഴിഞ്ഞ കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീലിനുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു.
കഴിഞ്ഞ വർഷം നൂറ് ശതമാനം മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരക്കിയ അധ്യാപകർക്ക് ചടങ്ങിൽ ഉപഹാരം നൽകി. കെ. ഷൗക്കത്തലി , യശ്വന്ത് ടി.കെ, റീഷ്മ വിജേഷ് കുമാർ, നന്ദകുമാർ, ജോജേഷ് ജെയിംസ്, ശുഭ ടി.എസ്, സുനിത് ഗാർഗ്, ബിൻസി തങ്കൻ, മായ കരുണാകരൻ, ലതീഷ് ചന്ദ്രൻ എന്നിവരാണ് ഉപഹാരം ഏറ്റു വാങ്ങിയത്. കൂടാതെ പതിനഞ്ച് മുതൽ മുപ്പത് വർഷം വരെ മികച്ച സേവനം ചെയ്ത സീനിയർ അധ്യാപകർക്കും ചടങ്ങിൽ ഉപഹാരം നൽകി. കൺവീനർ മുഹമ്മദ് യൂസുഫ് സ്വാഗതവും പ്രിൻസിപ്പൽ ദീപക് പഠാങ്കർ നന്ദിയും പറഞ്ഞു.