ഒമാനിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി മെയ്സ് അലൈവ് നിരത്തിലേക്ക്
വില കമ്പനികൾക്ക് 11,000 റിയാലും വ്യക്തികൾക്ക് 12,000 റിയാലും, മെയ്സ് മോട്ടോഴ്സാണ് നിർമാതാക്കൾ


മസ്‌കത്ത്: ഒമാനിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി മെയ്സ് അലൈവ് നിരത്തിലേക്ക്. മെയ്സ് മോട്ടോഴ്സാണ് നിർമാതാക്കൾ. ഈ ഇലക്ട്രിക് എസ്യുവികളുടെ ആദ്യ ബാച്ചിന്റെ വിതരണം ആരംഭിച്ചു.
'ഈ മാസം ഞങ്ങളുടെ ആദ്യ ബാച്ച് മെയ്സ് അലൈവ് ഇ-എസ്യുവികൾ ഉപഭോക്താക്കൾക്ക് എത്തിച്ചു' മെയ്സ് മോട്ടോഴ്സിന്റെ സഹസ്ഥാപകൻ ഹൈദർ ബിൻ അദ്നാൻ അൽ സാബി പറഞ്ഞതായ മസ്‌കത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
'ഈ നേട്ടത്തിലെത്തിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു, പരിമിത വിഭവങ്ങൾ ഉപയോഗിച്ച് ഇത് നേടിയത് അത്ഭുതമായി തോന്നുന്നു'.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ്സ് മോട്ടോഴ്സ് വാഹനത്തിന്റെ വില കമ്പനികൾക്ക് 11,000 റിയാലും വ്യക്തികൾക്ക് 12,000 റിയാലുമായി കുറച്ചിട്ടുണ്ട്. പ്രാരംഭ ബാച്ചിൽ നിന്നുള്ള പത്ത് യൂണിറ്റുകളാണ് ഇതിനകം വിതരണം ചെയ്തത്.
അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ഉടമസ്ഥതയിലുള്ള മെയ്സോർ എന്ന കുതിരയിൽ നിന്നാണ് 'മെയ്‌സ്' എന്ന് പേരിടാൻ പ്രചോദനം ഉൾക്കൊണ്ടതെന്ന് സാബി വിശദീകരിച്ചു. മെയ്സ് അലൈവിന് 610 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും വീട്ടിൽ ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററിയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിലധികം ഡിസ്പ്ലേകളും അഡ്വാൻസ്ഡ് കൺട്രോളുകളുമുള്ള വലിയ ഡാഷ്ബോർഡും എസ്യുവിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചൈന ഏവിയേഷൻ ലിഥിയം ബാറ്ററിയിൽ (CALB) നിന്നാണ് ബാറ്ററികൾ വാങ്ങുന്നത്, അതേസമയം മോട്ടോർ ജർമനിയുടെ ബോഷാണ് നൽകുന്നത്. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താനായി കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ചിട്ടുണ്ടെന്നും സാബി പറഞ്ഞു. ഈ വർഷം അവസാനത്തോടെ 300 നും 500 നും ഇടയിൽ ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാബി പറഞ്ഞു.
കാർബൺ ഫൈബർ ബോഡിയാണ് ഈ എസ്യുവിക്കുള്ളത്. ഫെബ്രുവരി 24 ന് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന എക്‌സിബിഷനിൽ മെയ്സ് അലൈവ് പ്രദർശിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. വാഹനം ഓടിച്ചുനോക്കാനും സവിശേഷതകൾ മനസ്സിലാക്കാനും പൊതുജനങ്ങൾക്ക് ഈ പരിപാടിയിൽ അവസരം ലഭിക്കും.