ഒമാനിൽ റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞു
റോയൽ ഒമാൻ പൊലീസ് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ സംതൃപ്തി നിരക്ക് 94 ശതമാനമാണ്
മസ്‌ക്കത്ത്: ഒമാനിൽ റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞു. 2021 ൽ റോഡപകടങ്ങളുടെ എണ്ണം 81 ശതമാനം കുറഞ്ഞതായി റോയൽ ഒമാൻ പൊലീസ്.
2012ലെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2021 ൽ റോഡപകടങ്ങളുടെ എണ്ണം 81 ശതമാനം കുറഞ്ഞതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ മുഹമ്മദ് ബിൻ അവദ് അൽ റവാസ് പറഞ്ഞു. പരിക്കുകളുടെ എണ്ണം 64 ശതമാനവും കുറഞ്ഞു. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ 57 ശതമാനവും ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ 71 ശതമാനവും വർധിച്ചു.
റോയൽ ഒമാൻ പൊലീസ് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ സംതൃപ്തി നിരക്ക് 94 ശതമാനമാണ്. വാഹന രജിസ്ട്രേഷനും പുതുക്കലും, വാഹന ലൈസൻസ് ട്രാൻസ്ഫർ സേവനം, വാഹന ലൈസൻസ് പ്രിന്റിങ്, സാങ്കേതിക പരിശോധന, ഡ്രൈവിങ് ലൈസൻസ്, പുതുക്കൽ, ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്കിങ് തുടങ്ങി മിക്ക ട്രാഫിക് സേവനങ്ങളും ഇലക്ട്രോണിക് വഴിയാണ് നൽകുന്നത്.