യമനിലെ അമേരിക്ക- ബ്രിട്ടൺ സംയുക്ത വ്യോമാക്രമണത്തെ അപലപിച്ച് ഒമാൻ

സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി.

Update: 2024-01-12 19:21 GMT
Advertising

മസ്കത്ത്: യമനിൽ അമേരിക്ക- ബ്രിട്ടൺ സംയുക്ത വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു. സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി.

ഗസ്സ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണവും ക്രൂരമായ യുദ്ധവും ഉപരോധവും തുടരുന്നതിനിടെ സൗഹൃദ രാജ്യങ്ങളുടെ യമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി മേഖലയിൽ സംഘർഷവും ഏറ്റുമുട്ടലും വ്യാപിക്കുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകിയതാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാനും എല്ലാവരുടെയും വളർച്ചയും സമൃദ്ധിയും ലക്ഷ്യമിട്ട് നീതിയുക്തവും സമഗ്രവുമായ സമാധാനം വേണമെന്ന ഒമാന്‍റെ നിലപാട് വിദേശകാര്യമന്ത്രാലയം ആവർത്തിച്ച് പറയുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളിൽ ആണ് ബോംബാക്രമണം നടത്തിയത്.

ചെങ്കടലിലെ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികൾക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ബോംബാക്രമണമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞത്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News