ഫലസ്തീന് സഹായ ഹസ്തവുമായി ഒമാൻ നൂറു ടൺ ഭക്ഷ്യവസ്തുക്കൾ കയറ്റി അയച്ചു
ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായ ഹസ്തവുമായി ഒമാൻ. 100 ടൺ ഭക്ഷ്യവസ്തുക്കൾ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അഞ്ച് വിമാനങ്ങൾ വഴി കയറ്റി അയച്ചു.
ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ, കൈറോയിലെ ഒമാൻ എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ ആണ് സാധനങ്ങൾ കയറ്റി അയച്ചത്.
സലാം എയറിന്‍റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കൾ ഈജിപ്തിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക് എത്തിച്ചത്. എയർ ബ്രിഡ്ജ് വഴി ഇവിടെ എത്തിച്ച സാധനങ്ങൾ റഫ ക്രോസിങ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറും.
ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്.
സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗ്ഗങ്ങളാണ് ഒമാൻ ചാരിറ്റബിൾ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഓട്ടോമേറ്റഡ് പേയ്‌മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം.