ഇലക്ട്രോണിക് തട്ടിപ്പിനെതിരെ ക്യാമ്പയിനുമായി ഒമാൻ
ഇലക്ട്രോണിക് തട്ടിപ്പ് കുറക്കുന്നതിനും ഇരകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ചെറുക്കുന്നതിനുമാണ് ക്യാമ്പയിൻ
മസ്‌കത്ത്: ഒമാനിൽ ഇലക്ട്രോണിക് തട്ടിപ്പിനെതിരെ ക്യാമ്പയിനുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വാട്‌സ് ആപ്പ്, വ്യാജ വെബ്‌സൈറ്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റിയും രംഗത്തെത്തി. ഒമാനിൽ ഇലക്ട്രോണിക് തട്ടിപ്പ് കുറക്കുന്നതിനും ഇരകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ചെറുക്കുന്നതിനുമായിയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ, ഒ.ടി.പി പങ്കുവെക്കുന്നതിലെ അപകടസാധ്യത, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴിയുള്ള ആൾമാറാട്ട തട്ടിപ്പുകൾ എന്നിവയെക്കുറിച്ചും ക്യാമ്പയിൻ ബോധവത്കരണം നൽകും. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഉപയോഗത്തിനുമുള്ള ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയും ജനങ്ങളെ കബളിപ്പിക്കുന്ന വാട്‌സ് ആപ്പിലെ പ്രവർത്തനങ്ങൾക്കെതിരെയും മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റിയും രംഗത്തെത്തി. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി സഹായം തേടുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകൾ കാണപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരം വെബ്‌സൈറ്റുകൾ വഴി ബാങ്കുകൾ ഒരു കാരണവശാലും വിവരങ്ങൾ ചോദിക്കില്ലയെന്നാണ് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി വ്യക്തമാക്കുന്നത്.