അപസ്മാരം നേരത്തെ തിരിച്ചറിയാൻ സ്മാർട്ട് ബ്രേസ്‌ലെറ്റ് വികസിപ്പിച്ച് ഒമാനി വിദ്യാർഥികൾ
സുഹാർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് സ്മാർട്ട് ബ്രേസ്‌ലെറ്റും ആപ്ലിക്കേഷനും കണ്ടുപിടിച്ചത്
മസ്‌കത്ത്:അപസ്മാരബാധ നേരത്തെ തിരിച്ചറിയാൻ ഒമാനി വിദ്യാർഥികൾ സ്മാർട്ട് ബ്രേസ്‌ലെറ്റ് വികസിപ്പിച്ചു. നോർത്ത് ബാത്തിന ഗവർണറേറ്റിലെ സുഹാർ യൂണിവേഴ്സിറ്റിയിലെ ഒമാനി വിദ്യാർഥികളായ ആയിഷ ബിൻത് സാലിം അൽ ഉമരിയും ലാമിയ അൽ സാദിയുമാണ് സ്മാർട്ട് ബ്രേസ്‌ലെറ്റും ആപ്ലിക്കേഷനും കണ്ടുപിടിച്ചത്. ഐഒടി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ബ്രേസ്‌ലെറ്റ് വികസിപ്പിച്ചത്.
'സ്മാർട്ട് ഡിസൈനും ധരിക്കാവുന്ന ഐഒടി സാങ്കേതികവിദ്യയുടെ ഉപയോഗവും അടിസ്ഥാനമാക്കിയാണ് അപസ്മാരത്തിന്റെ രണ്ട് അടിസ്ഥാന ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ബ്രേസ്‌ലെറ്റിന്റെ ആശയം രൂപീകരിച്ചത്. പേശികളിലും ഹൃദയമിടിപ്പിന്റെ വേഗതയിലുമുള്ള വൈദ്യുത പ്രവർത്തന ചലനം തിരിച്ചറിഞ്ഞ് രോഗിയെ പരിചരിക്കുന്നവർക്ക് വയർലെസ് അലേർട്ട് അയയ്ക്കാൻ ബ്രേസ്‌ലെറ്റ് വഴിയൊരുക്കുന്നു. ഫോൺ കോൾ, ടെക്‌സ്റ്റ് മെസേജ്, ശബ്ദമുണ്ടാക്കൽ എന്നിങ്ങനെയാണ് മുന്നറിയിപ്പ് നൽകുക. ഇത് രോഗിയെ ബാധിച്ചേക്കാവുന്ന അപകടസാധ്യതകൾ ഒഴിവാക്കാനും രോഗിക്ക് എത്രയും വേഗം സഹായം ലഭ്യമാക്കാനും സഹായിക്കുന്നു. ഇത്തരം കാര്യങ്ങൾ ട്രാക്കുചെയ്യുന്നതിന് ഒരു ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്' ആയിഷ ബിൻത് സാലിം അൽ ഉമരി പറഞ്ഞു.