ഒമാനിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് ഖസാഈനിൽ പ്രവർത്തനം തുടങ്ങി
പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റ് 'സിലാൽ ' എന്ന പേരിലാണ് അറിയപ്പെടുക
മസ്‌കത്ത്: ആധുനിക സൗകര്യങ്ങളോടെ ഒമാനിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് ബർക്ക വിലായത്തിലെ ഖസാഈനിൽ പ്രവർത്തനം ആരംഭിച്ചു. പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റ് 'സിലാൽ ' എന്ന പേരിലാണ് അറിയപ്പെടുക. അത്യാധുനിക സൗകര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളെല്ലാം ഒറ്റ കുടക്കീഴിലായി എന്നത് പുതിയ മാർക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. 170 മൊത്ത വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനങ്ങൾ അടുത്തടുത്തായതിനാൽ ഉപഭോക്താക്കൾക്ക് യഥേഷ്ടം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. അന്തർദേശീയ നിലവാരത്തിൽ നിർമിച്ച മാർക്കറ്റിന് ഏറെ പ്രത്യേകതകളുണ്ട്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. മവേല സെൻട്രൽ മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളാണ് പുതിയ മാർക്കറ്റിൽ ഉള്ളത്. മാർക്കറ്റിന് അടുത്തായി 3000 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗകര്യങ്ങൾ വർധിച്ചതിനാൽ ഒമാൻ സ്വദേശികൾ ഉൾപ്പെടെ നിരവധി പുതിയ വ്യാപാരികൾ മാർക്കറ്റിൽ കടകൾ ആരംഭിച്ചിട്ടുണ്ട്.