2024 ഫെബ്രുവരി അവസാനത്തോടെ ഒമാന്റെ വ്യാപാര മിച്ചം 1.69 ബില്യൺ ഒമാനി റിയാൽ
ഒമാന്റെ എണ്ണ, വാതക കയറ്റുമതി 7.2 ശതമാനം വർധിച്ചു
മസ്‌കത്ത്:2024 ഫെബ്രുവരി അവസാനത്തോടെ ഒമാന്റെ വ്യാപാര മിച്ചം 1.69 ബില്യൺ ഒമാനി റിയാലായി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറപ്പെടുവിച്ച പ്രാഥമിക സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ലെ ഇതേ കാലയളവിലെ 1.378 ബില്യൺ ഒമാനി റിയാലായിരുന്നു വ്യാപാര മിച്ചം. ചരക്ക് കയറ്റുമതിയുടെ മൂല്യം 2024 ഫെബ്രുവരി അവസാനത്തോടെ 19.5 ശതമാനം വർധിച്ച് 4.414 ബില്യൺ ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.695 ബില്യൺ ഒമാനി റിയാലായിരുന്നിത്. ഒമാനിലേക്കുള്ള ചരക്ക് ഇറക്കുമതിയുടെ മൂല്യം 17.4 ശതമാനം ഉയർന്ന് 2024 ഫെബ്രുവരി അവസാനത്തോടെ 2.721 ബില്യൺ റിയാലിലെത്തി. 2023 ലെ ഇതേ കാലയളവിൽ 2.317 ബില്യൺ റിയാലായിരുന്നിത്.
ഒമാന്റെ എണ്ണ, വാതക കയറ്റുമതി 2023 ഫെബ്രുവരിയിലെ 2.394 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 7.2 ശതമാനം വർധിച്ച് 2024 ഫെബ്രുവരി അവസാനത്തോടെ 2.566 ബില്യൺ റിയാലിലെത്തി. ഇതാണ് കയറ്റുമതി മൂല്യത്തിലുണ്ടായ വർധനവിന് പ്രധാന കാരണം. 2024 ഫെബ്രുവരി അവസാനത്തോടെ ഒമാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ മൂല്യം 1.905 ബില്യൺ ഒഎംആർ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.5 ശതമാനം വർധനവാണ് ഈയിനത്തിൽ രേഖപ്പെടുത്തിയത്.