ഒമാനിലെ വാദി കബീർ വെടിവെയ്പ്പ്: പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും

തിങ്കളാഴ്ച രാത്രി പത്തോടെ അരങ്ങേറിയ വെടിവെയ്പ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്

Update: 2024-07-17 19:17 GMT
Advertising

മസ്‌കത്ത്: മസ്‌കത്തിലെ വാദി കബീർ വെടിവെയ്പ്പിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഖൗല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ മസ്‌കത്ത് ഇന്ത്യൻ എംബസി അധികൃതർ സന്ദർശിച്ചു. വെടിവെയ്പ്പ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി പത്തോടെ അരങ്ങേറിയ വെടിവെയ്പ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്.

വാദി കബീർ വെടിവെയ്പ്പിൽ മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാൻ അലി ഹുസ്സൈന്റെ കുടുംബത്തെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു. മകൻ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.

 

വാദികബീർ വെടിവെയ്പ്പ് സംഭവത്തിൽ ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ദുഃഖം രേഖപ്പെടുത്തി. ഇത് നഗ്‌നമായ ആക്രമണവും വിദ്വേഷം വളർത്തുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇരകളായവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിച്ചു. വെടിവെയ്പ്പ് സംഭവത്തെ ഒമാൻ ശൂറ കൗൺസിൽ അപലപിച്ചു. മരിച്ച റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥൻ യൂസഫ് അൽ നദാബിയുടെ കുടുംബത്തോടും മറ്റ് അഞ്ച് പേരുടെ കുടുംബങ്ങളോടും ശൂറ കൗൺസിൽ അഗാധമായ അനുശോചനവും രേഖപ്പെടുത്തി. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സുരക്ഷ, സൈനിക ഏജൻസികൾ വഹിച്ച പങ്കിനെയും പൗരന്മാരുടെയും താമസക്കാരുടെയും സംഭാവനകളെയും ശൂറ കൗൺസിൽ പ്രശംസിച്ചു. അതേസമയം, സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ശൂറ കൗൺസിൽ ഇത്തരം പ്രവർത്തനങ്ങൾ ഒമാനി മണ്ണിൽ അംഗീകരിക്കാനാവില്ലെന്നും ഊന്നിപ്പറഞ്ഞു.



Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News