ഒമാനിലെ ഇന്ത്യൻ സ്‌കൂൾ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 20 മുതൽ
അവസാന തീയതി ഫെബ്രുവരി 20
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള ഈ അധ്യായനവർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ മസ്‌കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് നടക്കുക. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അഡ്മിഷൻ.
ബാൽവതിക മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യൻ സ്‌കൂൾ വെബ്‌സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്. 2025 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും ബാൽവതിക പ്രവേശനത്തിന് അർഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റസിഡൻറ് വിസ ആവശ്യമാണ്.
വാദി കബീർ, ഗുബ്ര സ്‌കൂളുകളിലെ കേംബ്രിഡ്ജ് സിലബസ് അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഓൺലൈനിലൂടെ തന്നെ അപേക്ഷ സമർപ്പിക്കണം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ കെയർ ആൻഡ് സ്പെഷ്യൽ എജ്യുക്കേഷനിൽ ലഭ്യമാണ്. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്‌കൂൾ സന്ദർശിക്കേണ്ടതില്ല. അഡ്മിഷൻ നടപടിക്രമങ്ങൾ, സീറ്റ് ഒഴിവുകളുടെ വിവരങ്ങൾ എന്നിവ പോർട്ടലിലൂടെ അറിയാൻ കഴിയും.