പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു
പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. വിവിധ സംസ്കാരങ്ങളുടെയും മത-ഭാഷ-ദേശ സമൂഹങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയുടെ ദേശീയത തന്നെ വൈവിധ്യമാണെന്നും സ്വാതന്ത്ര്യസമര പോരാളികൾ സ്വപ്നം കണ്ടതും ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയും ഈ വൈവിധ്യങ്ങളുടെ സൗന്ദര്യം ആണെന്നും വെൽഫെയർ പാർട്ടി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു.
പ്രവാസി വെൽഫെയർ സലാല ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വം അടിച്ചേൽപ്പിക്കുവാനുള്ള ശ്രമങ്ങൾ രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യതയും നീതിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു നല്ല നാളെയുടെ സ്വപ്നങ്ങൾ നെഞ്ചിലേറ്റി വംശീയ വിദ്വേഷ പ്രചാരണങ്ങളേയും അതിക്രമങ്ങളേയും അതിജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച സംഗമത്തിൽ കോൺസുലർ ഏജൻറ് ഡോ. കെ. സനാദനൻ ഉദ്ഘാടനം നിർവഹിച്ചു.
ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ വ്യാപാര പ്രമുഖനും അബൂതഹനൂൻ ഗ്രൂപ്പ് കമ്പനികളുടെ എംഡിയുമായ ഒ. അബ്ദുൽ ഗഫൂറിന് പരിപാടിയിൽ ആദരവ് നൽകി.
സോഷ്യൽ ക്ലബ്ബ് മലയാളം വിഭാഗം കൺവീനർ എ.പി കരുണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം കാമ്പയിൻ കോ.കൺവീനർ രവീന്ദ്രൻ നെയ്യാറ്റിൻകരയിൽ നിന്നും അപേക്ഷ സ്വീകരിച്ചു എസ്. ഇർഷാദ് നിർവഹിച്ചു.
കെ. ഷൗക്കത്തലിയും അബ്ദുല്ല മുഹമ്മദും ചേർന്ന് എസ്. ഇർഷാദിന് പൊന്നാട അണിയിച്ചു. സ്വാതന്ത്ര്യദിന പശ്ചാത്തലത്തിൽ ഒരുക്കിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനങ്ങളും പരിപാടിക്ക് മിഴിവേകി.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് സജീബ് ജലാൽ സ്വാഗതവും സെക്രട്ടറി സാജിത ഹഫീസ് നന്ദിയും പറഞ്ഞു. വഹീദ് സമാൻ , മുസമ്മിൽ മുഹമ്മദ്, സിദ്ദിഖ് എൻ.പി, സബീർ പി.ടി , ഷാജി കമൂന, തസ്രീന ഗഫൂർ, മുംതാസ് റജീബ്, സാബിറ ബാനു തുടങ്ങിയവർ നേതൃത്വം നൽകി.