ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു
കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോടും ജനങ്ങളോടും സുല്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു
മസ്‌ക്കറ്റ്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ അധ്യക്ഷതയില്‍ അല്‍ ബറക പാലസില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. പ്രാര്‍ത്ഥനകളോടെ ആരംഭിച്ച യോഗത്തില്‍ ആഭ്യന്തര കാര്യങ്ങള്‍ അവലോകനം ചെയ്യുകയും വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിന്റെ ഫലമാണെന്ന് സുല്‍ത്താന്‍ അഭിപ്രായപ്പെടുകയും ചെയ്തു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വഹിച്ച ഗുണപരമായ പങ്കിനെ സുല്‍ത്താന്‍ അഭിനന്ദിച്ചു. പ്രതികൂല അന്താരാഷ്ട്ര സാഹചര്യങ്ങളും കൊറോണ വ്യാപനവുണ്ടായിട്ടും, ബജറ്റ് കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
'ഒമാന്‍ വിഷന്‍2040' ന്റെ ആദ്യ പാദമായ പത്താം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തോടടുക്കുമ്പോള്‍, പ്ലാന്‍ ചെയ്ത പല പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിനായി കൂടുതല്‍ പരിശ്രമിക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സുല്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി.
വെല്ലുവിളികളെ അഭിമുഖീകരിക്കാനും സാമ്പത്തിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള തുടര്‍നടപടികളിലും എല്ലാവരും ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌കൂളുകള്‍, റോഡുകള്‍ എന്നിങ്ങനെ നിരവധി സുപ്രധാന വികസന പദ്ധതികള്‍ പത്താം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുല്‍ത്താന്‍ വിശദീകരിച്ചു. 2021ല്‍ ദേശീയ തൊഴില്‍ പദ്ധതി, ലേബര്‍ റിക്രൂട്ട്മെന്റ് സംരംഭങ്ങള്‍, സിവില്‍, മിലിട്ടറി, സ്വകാര്യ മേഖലളിലെല്ലാം 2021-ല്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തിയതിനെ അവലോകനം ചെയ്തു.
2020 ലെ സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷം, ഏത് വെല്ലുവിളികളെയും നേരിടാനും പൊതുതാല്‍പ്പര്യം മെച്ചപ്പെടുത്താനും അനുയോജ്യമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത സുല്‍ത്താന്‍ ഓര്‍മിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോടും ജനങ്ങളോടും സുല്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു.
സൗഹൃദ രാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധത്തെക്കുറിച്ചും സമീപകാല സന്ദര്‍ശനങ്ങളേയും അതിന്റെ ഗുണഫലങ്ങളേയും സുല്‍ത്താന്‍ പ്രത്യേകം എടുത്ത് പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലെ ഒമാന്റെ താല്‍പ്പര്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.