മസ്‌കത്തിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിജയവാഡയിൽ നിർത്തിയിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി
ഒരു വി.ഐ.പിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ് വിമാനം വൈകിയതെന്നാണ് പറയുന്നത്
മസ്‌കത്തിൽനിന്ന് വിജയവാഡ വഴി കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മസ്‌കത്തിൽനിന്ന് ഇന്ന് രാവിലെ 11 മണിയോടെ പുറപ്പെട്ട വിമാനം കൃത്യസമയത്ത് ആന്ധ്രയിലെ വിജയവാഡയിൽ എത്തിയിരുന്നു. എന്നാൽ ഇവിടെനിന്ന് അഞ്ച് മണിക്കൂർ വൈകിയാണ് പിന്നീട് യാത്ര തുടർന്നത്. രാത്രി ഏഴുമണിക്കായിരുന്നു കൊച്ചിയിൽ എത്തിചേരേണ്ടിയിരുന്നത്.
വിജയവാഡയിൽനിന്ന് ഏത് സമയത്ത് പുറപ്പെടും എന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ അധികൃതർ തയ്യാറായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഒരു വി.ഐ.പിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ് വിമാനം വൈകിയതെന്നാണ് പറയുന്നത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ നാല് മണിക്കൂറോളം ഒരു തുള്ളിവെള്ളം പോലും ലഭിക്കാതെ വിമാനത്തിനുള്ളിലായിരുന്നു. ഒടുവിൽ പ്രതിഷേധം കനത്തപ്പോഴാണ് ചെറിയ കേക്ക് നൽകിയതെന്ന് യാത്രക്കാർ പറഞ്ഞു. ഹോസ്പിറ്റലിലടക്കം പോകേണ്ട അടിയന്തര പ്രധാന്യമുള്ള ആളുകളാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരിതത്തിലായത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് വിമാന യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.