ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ഒരു റിയാലിന് 215 രൂപയിലെത്തി
അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്.
മസ്കത്ത്: ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 215 രൂപയിലേക്ക് എത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഒരു ഒമാനി റിയാലിന് 214.85 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയത്. നിലവിലെ വിനിമയ നിരക്ക് ഈ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
രൂപ 214.00 കടന്നതോടെ പ്രവാസികൾ മണി എക്‌സ്‌ചേഞ്ചുകളിലേക്കെത്തുന്നത് വർധിച്ചു. അതേസമയം, രൂപയുടെ മൂല്യം പരിധി വിട്ട് ഇടിയുന്നത് വലിയ തിരിച്ചടിയാകും. ഡോളർ ഇൻഡക്‌സിൽ ഇന്ന് ഉയർച്ച രേഖപ്പെടുത്തി. ഡോളർ ഇൻഡക്‌സ് ഉയർന്നാൽ സ്വാഭാവികമായും സ്വർണവില കുറയേണ്ടതാണ്. ഡോളറുമായി മത്സരിക്കുന്ന മറ്റു കറൻസികൾക്ക് വാങ്ങൽ ശേഷി കുറയുന്നതാണ് കാരണം. എന്നാൽ ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായത് രൂപയുടെ തകർച്ചയാണ്.