ഒമാനിൽ നിന്നുള്ള ഈ വർഷത്തെ ഏക മലയാളി ഹജ്ജ് സംഘം യാത്ര പുറപ്പെട്ടു

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം യാത്ര പുറപ്പെടുന്നത്

Update: 2023-06-16 17:30 GMT
Advertising

ഒമാനിൽ നിന്നുള്ള ഈ വർഷത്തെ ഏക മലയാളി ഹജ്ജ് സംഘം യാത്ര പുറപ്പെട്ടു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം യാത്ര പുറപ്പെടുന്നത്. മസ്കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്. മസ്കത്തിലെ റൂവി ഖാബുസ് മസ്ജിദ് പരിസരത്ത് നിന്നും വെള്ളിയാഴ്ച രാവിലെ ആണ് മലയാളി ഹജ്ജ് സംഘം യാത്ര പുറപ്പെട്ടത്. ഹജ്ജ് സംഘത്തിന് യാത്രയിപ്പ് നൽകാൻ മസ്കത്ത് സുന്നി സെന്റർ പ്രവർത്തകരും യാത്രക്കാരുടെ ബന്ധുക്കളും അടക്കം നിരവധിപേർ എത്തിയിരുന്നു. പണ്ഡിതൻ മുഹമ്മദലി ഫൈസിയാണ്സംഘത്തെ നയിക്കുന്നത്.

സംഘത്തിൽ 51 യാത്രക്കാരുണ്ടെങ്കിലും 26 പേർ മാത്രമാണ് മലയാളികളായുള്ളത്. ഒമാനിൽ നിന്നും ഈ വർഷം 500 വിദേശികൾക്ക് മാത്രമാണ് ഹജ്ജിന് പോവാൻ അനുവാദം ലഭിച്ചത്. ഇതിൽ 250 പേർ അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ്. 250 സീറ്റുകൾ മാത്രമാണ് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ലഭിച്ചത്. ഇതിൽ 20 ശതമാനവും മസ്കത്ത് സുന്നി സെന്റിന്റെ കൂടെയാണ് യാത്ര ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും വർഷമായി ഒമാനിൽ നിന്നുള്ള ഹജ്ജ് നിരക്കുകൾ ഉയർന്നതും സീറ്റുകൾ കിട്ടാതിരിക്കുന്നതും മലയാളികളുടെ ഹജ്ജ് സ്വപ്നങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. സ്വന്തമായി ബിസിനസും മറ്റ് സൗകര്യങ്ങളും ഉള്ളവരും നാട്ടിൽ പോയാണ് ഹജ്ജ് ചെയ്തിരുന്നത്. ഹജ്ജ് രജിസ്ട്രേഷൻ അടക്കമുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിച്ച് അടുത്ത വർഷം കൂടുതൽ പേരെ ഹജ്ജിന് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ് മസ്കത്ത് സുന്നി സെന്റർ.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News