ഖത്തറിൽ സിംഹത്തിൻെറ ആക്രമണത്തിൽ കൗമാരക്കാരന് പരിക്ക്
തലക്കും മുഖത്തും പരിക്കേറ്റ യുവാവ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്


ദോഹ: ഖത്തറിൽ സിംഹത്തിന്റെ ആക്രമണത്തിൽ 17 കാരന് ഗുരുതര പരിക്ക്. ഉംസലാലിലെ വളർത്തു കേന്ദ്രത്തിൽ വെച്ചാണ് സിംഹം യുവാവിനെ
ആക്രമിച്ചതെന്ന് പ്രാദേശിക അറബിപത്രമായ ‘അൽ ശർഖ്’ റിപ്പോർട്ട് ചെയ്തു. തലക്കും മുഖത്തും പരിക്കേറ്റ യുവാവ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. ജനുവരി 12നായിരുന്നു അക്രമം നടന്നത്. 2022ൽ ഇദ്ദേഹം നാല് മാസം പ്രായമുള്ള സിംഹത്തെ വളർത്താനായി ദത്തെടുത്തിരുന്നതായി ‘അൽ ശർഖ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, താമസിയാതെ തന്നെ സിംഹകുട്ടിയിൽ നിന്നും അലർജി പിടിപെട്ടതോടെ പരിപാലനത്തിനും പരിശീലനത്തിനും വിദഗ്ധനായ ഒരാളെ ഏൽപിക്കുകയായിരുന്നു. സിംഹക്കുട്ടിയെ കാണാനെത്തിയപ്പോളാണ് ആക്രമണം ഉണ്ടായത്. കൂട്ടിന് പുറത്തായിരുന്ന ഇദ്ദേഹത്തിന്റെ സിംഹത്തെ കാണുന്നതിനിടെ പരിശീലകനു കീഴിലെ ഏഴ് വയസ്സ് പ്രായമുള്ള മറ്റൊരു സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 12 ദിവസത്തിനു ശേഷം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. അപകടനില തരണം ചെയ്ത്, ആരോഗ്യ നില വീണ്ടെടുക്കുന്നതായി മാതാവ് ‘അൽ ശർഖി’നോട് പറഞ്ഞു. മകൻെറ ഉടമസ്ഥതയിലുള്ള സിംഹമല്ല ആക്രമിച്ചതെന്നും, പരിശീലകനു കീഴിലെ മറ്റൊരു സിംഹത്തിൻെറ ആക്രമണത്തിലാണ് മകന് പരിക്കേറ്റതെന്നും മാതാവ് അറിയിച്ചു.