ഖത്തറിൽ തണുപ്പും ശീതക്കാറ്റും ശക്തം
അബു സംറയിൽ ശനിയാഴ്ച രാവിലെ മൈനസ് 2.4 ഡിഗ്രിയിലേക്ക് താപനില താഴ്ന്നു
ഖത്തറിൽ തണുപ്പും ശീതക്കാറ്റും ശക്തം. അബുസംറ അതിർത്തിയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. ദോഹ നഗരത്തിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച വൈകിട്ട് മുതലാണ് ഖത്തറിൽ തണുപ്പ് ശക്തമായി തുടങ്ങിയത്. ശീതക്കാറ്റ് കൂടിയായതോടെ ശനിയാഴ്ച ദോഹ നഗരത്തിലും സമീപ പ്രദേശങ്ങളിലും താപനില ഏഴ് ഡിഗ്രിയിലേക്ക് വരെ താഴ്ന്നു. ഉൾഭാഗങ്ങളിൽ തണുപ്പ് അതിലും കഠിനമായി. അബു സംറ അതിർത്തിയിലായിരുന്നു ഏറ്റവും കടുത്ത തണുപ്പ് റിപ്പോർട്ട് ചെയ്തതത്. ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം അബു സംറയിൽ ശനിയാഴ്ച രാവിലെ മൈനസ് 2.4 ഡിഗ്രിയിലേക്ക് താപനില താഴ്ന്നു.
അബു സംറയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂജ്യത്തിലേക്ക് അന്തരീക്ഷ താപനില താഴ്ന്നതായി കലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ദുഖാനിലും ഉമ്മുബാബിലും പ്രത്യക്ഷ താപ നില രണ്ട് ഡിഗ്രിവരെയെത്തി. കാറ്റും മേഘപടലങ്ങളുടെ സാന്നിധ്യവും തുടരുന്നതിനാൽ വരും ദിവസങ്ങളിലും തണുപ്പ് തുടരും. പകലും ശക്തമായ കാറ്റ് വിശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഒപ്പം, കടൽ പ്രക്ഷുബ്ധമാവാനും തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്നും അറിയിച്ചു.
Cold and cold winds are strong in Qatar