സന്ദർശകർക്ക് ഹോട്ടലുകളും വിമാനവും ബുക്ക് ചെയ്യുമ്പോൾ ഇളവുകൾ ലഭിക്കും; ആകർഷക പദ്ധതികൾ പ്രഖ്യാപിച്ച് ദോഹ എക്‌സ്‌പോ
ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ നടക്കുന്നത്
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന സന്ദർശകർക്ക് ആകർഷക പദ്ധതികൾ പ്രഖ്യാപിച്ച് ദോഹ എക്‌സ്‌പോ. അന്താരാഷ്ട്ര സന്ദർശകർക്ക് ഹോട്ടലുകളും വിമാനവും ബുക്ക് ചെയ്യുമ്പോൾ ഇളവുകൾ ലഭിക്കുന്നതിന് 'EXPO23' എന്ന പ്രത്യേക പ്രോമോ കോഡ് ഉപയോഗിക്കാമെന്ന് എക്സ്പോ ദോഹ 2023 സംഘാടകർ അറിയിച്ചു.
ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന എക്സ്പോക്കായി സന്ദർശകർക്ക് ഹയ്യ കാർഡ് ഒപ്ഷനും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. എക്സ്പോയുടെ എയർലൈൻ പങ്കാളിയായ ഖത്തർ എയർവേയ്സും, തന്ത്രപരമായ പങ്കാളിയായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ദോഹ നഗരത്തിലേക്കും എക്സ്പോയിലേക്കും തടസ്സമില്ലാത്ത യാത്രാ സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
എക്സ്പോ ദോഹ 2023ന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഫാമിലി സോൺ നിർമാണം അന്തിമഘട്ടത്തിലെത്തിയതായി പ്രാദേശിക ദിനപത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു. 8920 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഫാമിലി ഗാലറി കുടുംബമേഖലയിലെ പ്രധാന സവിശേഷതയാണ്. കുടുംബ മേഖലയിൽ തന്നെയാണ് എക്സ്പോയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ജൈവവൈവിധ്യ മ്യൂസിയവും സ്ഥാപിക്കുക. മേഖലയിലെ സമ്പന്നമായ സസ്യജന്തു ജാലങ്ങളെയും വൈവിധ്യമാർന്ന സമുദ്രജീവികളെയും സസ്യങ്ങളെയും ജൈവവൈിധ്യ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.